മാഞ്ചസ്റ്റര്‍: വെസ്റ്റ് ഇന്‍ഡീസിനെ കീഴടക്കി ലോകകപ്പില്‍ കോലിപ്പട അഞ്ചാം ജയം  കുറിച്ചപ്പോള്‍ വിക്കറ്റിന് പിന്നില്‍ ധോണിയുടെ പേരില്‍ കുറിക്കപ്പെട്ടത് ഒരു മോശം റെക്കോര്‍ഡ്. കരിയറില്‍ ധോണി ഏറ്റവുമധികം ബൈ റണ്‍സ് വഴങ്ങിയ മത്സരമായി ഇത്. ഒമ്പത് ബൈ റണ്ണുകളാണ് ധോണി ഇന്ന് വിന്‍ഡീസിനെതിരെ വഴങ്ങിയത്.

2014ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ കൊച്ചിയില്‍ നടന്ന മത്സരത്തില്‍ ഏഴ് ബൈ റണ്ണുകള്‍ വഴങ്ങിയതായിരുന്നു വിക്കറ്റിന് പിന്നിലെ ധോണിയുടെ ഇതുവരെയുള്ള മോശം പ്രകടനം. മിന്നല്‍ സ്റ്റംപിംഗുകള്‍ കൊണ്ട് ആരാധകരെ അമ്പരപ്പിക്കുന്ന ധോണി കുല്‍ദീപ് യാദവ് എറിഞ്ഞ പത്തൊമ്പതാം ഓവറില്‍ നിക്കോളാസ് പൂരനെ സ്റ്റംപ് ചെയ്യാനുള്ള അവസരവും നഷ്ടമാക്കി.

എന്നാല്‍ ബൂമ്രയുടെ പന്തില്‍ കാര്‍ലോസ് ബ്രാത്ത്‌വെയ്റ്റിനെ വിക്കറ്റിന് പിന്നില്‍ പറന്നു പിടിച്ച് ധോണി നഷ്ടമാക്കിയ അവസരങ്ങള്‍ക്കെല്ലാം പ്രായശ്ചിത്തം ചെയ്യുകയും ചെയ്തു.