മാഞ്ചസ്റ്റര്‍: ലോകകപ്പ് സെമി ഫൈനലില്‍ ന്യൂസിലന്‍ഡിനോടേറ്റ തോല്‍വിക്ക് ശേഷം എം എസ് ധോണിയുടെ വിരമിക്കല്‍ വാര്‍ത്തകളോട് പ്രതികരിച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. മത്സരശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍ ലോകകപ്പിനുശേഷം നടക്കുന്ന വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കവെയാണ് കോലി ധോണിയുടെ വിരമിക്കല്‍ അഭ്യൂഹങ്ങളെക്കുറിച്ച് പ്രതികരിച്ചത്.

ലോകകപ്പിനുശേഷം ഇന്ത്യ വെസ്റ്റ് ഇന്‍ഡീസിലേക്ക് പോവുകയണല്ലോ, ധോണിയുടെ ഭാവി പരിപാടികളെക്കുറിച്ച് പലകാര്യങ്ങളും പുറത്തുവരുന്നുണ്ട്. അദ്ദേഹം ഇതേക്കുറിച്ച് താങ്കളോടോ ടീമിനോടോ എന്തെങ്കിലും പറഞ്ഞിട്ടുണ്ടോ എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് ഭാവികാര്യങ്ങളെക്കുറിച്ച് ധോണി ഒന്നും പറഞ്ഞിട്ടില്ലെന്നായിരുന്നു കോലിയുടെ മറുപടി.

ന്യൂസിലന്‍ഡിനെതിരെ ധോണിയെ ഏഴാമനായി ഇറക്കാനുള്ള തീരുമാനത്തെ കോലി ന്യായീകരിക്കുകയും ചെയ്തു. കഴിഞ്ഞ ഏതാനും മത്സരങ്ങളായി ധോണിയെ ഏല്‍പ്പിച്ച റോള്‍ ഫിനിഷറുടേതാണെന്നും അതിനാലാണ് അദ്ദേഹത്തെ ഏഴാം നമ്പറില്‍ ഇറക്കിയതെന്നും കോലി പറഞ്ഞു.