സതാംപ്ടണ്‍: ലോകകപ്പില്‍ ഇതുവരെ വരുത്തിയ പിഴവുകള്‍ അഫ്ഗാന്‍ ടീം ഇന്ത്യക്കെതിരെ ആവര്‍ത്തിക്കരുതെന്ന മുന്നറിയിപ്പുമായി അഫ്ഗാന്‍ സ്പിന്നര്‍ റാഷിദ് ഖാന്‍. ഏഷ്യാ കപ്പില്‍ ഇന്ത്യക്കെതിരെ കളിച്ചതിന്റെ അനുഭവത്തില്‍ ശനിയാഴ്ചത്തെ മത്സരം കടുപ്പമായിരിക്കുമെന്നും റാഷിദ് ഇന്ത്യാ ടുഡേയോട് പറഞ്ഞു.

ലോകകപ്പിലെ കരുത്തരായ ടീമുകളിലൊന്നാണ് ഇന്ത്യ. ബാറ്റിംഗിലും ബൗളിംഗിലും അവര്‍ ശക്തരാണ്. എന്നാല്‍ ലോകകപ്പില്‍ ഇതുവരെ വരുത്തിയ പിഴവുകള്‍ ആവര്‍ത്തിക്കാതിരിക്കാനാണ് ശനിയാഴ്ചത്തെ മത്സരത്തില്‍ ഞങ്ങള്‍ ശ്രമിക്കുക. നന്നായി ഫീല്‍ഡ് ചെയ്യാനായിരിക്കും ഇന്ത്യക്കെതിരെ ‍ഞങ്ങള്‍ ശ്രമിക്കുക. ഞങ്ങളുടെ പ്രതിഭക്കൊത്ത പ്രകടനം ഇന്ത്യക്കെതിരെ പുറത്തെടുക്കാനാവുമെന്നാണ് പ്രതീക്ഷ.

ലോകകപ്പ് നേടാനുള്ള കരുത്ത് ഇന്ത്യക്കുണ്ട്. ബൗളിംഗിലും ബാറ്റിംഗിലും മാത്രമല്ല ഫീല്‍ഡിംഗിലും ഇന്ത്യ മികവു കാട്ടുന്നുണ്ട്. ലോകകപ്പില്‍ മികച്ച ഫീല്‍ഡിംഗ് നടത്തുന്നവരുടെ ടീമാണ് ജയിച്ചുകയറുന്നത്.മികച്ച ബൗളര്‍മാരും ബാറ്റിംഗ് നിരയും മികവുറ്റ ഫീല്‍ഡര്‍മാരുമുള്ള ഇന്ത്യ ലോകകപ്പ് ജയിക്കുമെന്നതില്‍ സംശയമൊന്നും വേണ്ടെന്നും റാഷിദ് ഖാന്‍ പറഞ്ഞു.