കറാച്ചി: ഇന്ത്യക്കെതിരായ ലോകകപ്പ് തോല്‍വിക്ക് പിന്നാലെ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീമിനെതിരെ ആരോപണവുമായി പാക് മാധ്യമങ്ങള്‍ രംഗത്ത്. പാക്കിസ്ഥാന്‍ ടീമില്‍ കളിക്കാര്‍ തമ്മില്‍ ഗ്രൂപ്പ് പോരാണെന്ന് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യക്കെതിരായ തോല്‍വിക്ക് പിന്നാലെ പാക് നായകന്‍ സര്‍ഫ്രാസ് അഹമ്മദ് ഇമാദ് വാസിമിനെയും ഇമാം ഉള്‍ ഹഖിനെയും കുറ്റപ്പെടുത്തി രംഗത്തുവന്നതായി പാക് ടെലിവിഷന്‍ ചാനലായ സമാ റിപ്പോര്‍ട്ട് ചെയ്തു. ഇരുവരും തനിക്ക് പിന്തുണ നല്‍കിയില്ലെന്നും ടീമില്‍ ഗ്രൂപ്പുണ്ടാക്കുകയാണെന്നും സര്‍ഫ്രാസ് കുറ്റപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം, മറ്റൊരു ടെലിവിഷന്‍ ചാനലായ ദുനിയയുടെ ആരോപണം പാക് ക്രിക്കറ്റ് ടീമില്‍ പേസ് ബൗളര്‍ മുഹമ്മദ് ആമിറിന്റെയും ഇമാദ് വാസിമിന്റെയും നേതൃത്വത്തില്‍ രണ്ട് ഗ്രൂപ്പുകളുണ്ടെന്നാണ്. ഇവരാണ് പാക് നായകനെ ചതിച്ചതെന്നും ദുനിയ ആരോപിക്കുന്നു. സീനിയര്‍ താരം ഷൊയൈബ് മാലിക്കും ഗ്രൂപ്പിസത്തിന്റെ ആളാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്നാല്‍ ടീം അംഗങ്ങളുമായി ചില വാര്‍ത്താ ഏജന്‍സികള്‍ ബന്ധപ്പെട്ടപ്പോള്‍ താരങ്ങള്‍ ഇത്തരമൊരു ആരോപണം നിഷേധിച്ചുവെന്നും എന്നാല്‍ ഇന്ത്യക്കെതിരായ തോല്‍വിക്ക് ശേഷം സര്‍ഫ്രാസ് ചില താരങ്ങളെ നേരിട്ട് കുറ്റപ്പെടുത്തിയെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. അതേസമയം, ടീം പ്രതിസന്ധിയാലായിരിക്കുമ്പോള്‍ പാക് ക്രിക്കറ്റ് ബോര്‍ഡാണ് ക്യാപ്റ്റനെയും കളിക്കാരെയും പിന്തുണക്കേണ്ടതെന്നും കത്തിയെടുക്കാന്‍ അവസരമൊരുക്കുകയല്ല ചെയ്യേണ്ടതെന്നും മുന്‍ നായകന്‍ മോയിന്‍ ഖാന്‍ പറഞ്ഞു. ഇന്ത്യക്കെതിരായ 89 രണ്‍സ് തോല്‍വിക്ക് പിന്നാലെ മുന്‍ താരങ്ങള്‍ പാക് ടീമിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.