ലീഡ്സ്: ലോകകപ്പ് ക്രിക്കറ്റില്‍ ശ്രീലങ്കക്കെതിരെ ആദ്യ ഓവറില്‍ തന്നെ വിക്കറ്റ് വീഴ്ത്തിയ രവീന്ദ്ര ജഡേജയെ കമന്ററി ബോക്സിലിരുന്ന് പുകഴ്ത്തിയ സഞ്ജയ് മഞ്ജരേക്കറെ ട്രോളുകള്‍ക്കൊണ്ട് മലര്‍ത്തിയടിച്ച് ആരാധകര്‍. ജഡേജക്കെതിരെ തുടര്‍ച്ചയായി വിമര്‍ശനമുയര്‍ത്തിയ മഞ്ജരേക്കര്‍ക്ക് കഴിഞ്ഞ ദിവസം ജഡേജ തന്നെ നേരിട്ട് മറുപടി നല്‍കിയിരുന്നു.

ഇന്ന് ശ്രീലങ്കക്കെതിരെ ലോകകപ്പില്‍ ആദ്യമായി പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിച്ച ജഡേജ തന്റെ ആദ്യ ഓവറിലെ നാലാം പന്തില്‍ തന്നെ കുശാല്‍ മെന്‍ഡിസിനെ വീഴ്ത്തി. ഇതിനുപിന്നാലെയാണ് മഞ്ജരേക്കര്‍ കമന്ററി ബോക്സിലിരുന്ന് ജഡേജയെ സ്ട്രീറ്റ് സ്മാര്‍ട്ട് ക്രിക്കറ്റര്‍ എന്ന് വിശേഷിപ്പിച്ചത്. എന്നാല്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ജഡേജയെ വാലും തലയുമില്ലാത്ത കളിക്കാരന്‍ എന്നും മഞ്ജരേക്കര്‍ പറഞ്ഞിരുന്നു.

മഞ്ജരേക്കര്‍ കരിയറില്‍ കളിച്ചതിന്റെ ഇരട്ടി മത്സരങ്ങള്‍ താന്‍ കളിച്ചിട്ടുണ്ടെന്നും ഇപ്പോഴും കളിച്ചുകൊണ്ടിരിക്കുകയാണെന്നുമായിരുന്നു ഇതിന് ജഡേജ ട്വിറ്ററിലൂടെ മറുപടി നല്‍കിയത്. നേട്ടങ്ങള്‍ സ്വന്തമാക്കിയവരെ ബഹുമാനിക്കാന്‍ പഠിക്കണമെന്നും താങ്കളുടെ വിടുവായത്തം കേട്ട് മടുത്തുവെന്നും ജഡേജ വ്യക്തമാക്കിയിരുന്നു.

ഇതിനുപിന്നാലെയാണ് ലങ്കക്കെതിരെ വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ജഡേജ എന്തിനുംപോന്ന കളിക്കാരനാണെന്ന് മഞ്ജരേക്കര്‍ വിശേഷിപ്പിച്ചത്. എന്നാല്‍ മ‍ഞ്ജരേക്കറുടെ ഈ മലക്കം മറിച്ചില്‍ ആരാധകര്‍ക്ക് അത്ര പിടിച്ചില്ല. ട്രോളുകളുമായി അവര്‍ മ‍ഞ്ജരക്കേര്‍ക്കെതിരെ രംഗത്തെത്തി.