മാഞ്ചസ്റ്റര്‍: പത്തു ദിവസം നീണ്ട സസ്പെന്‍സിനൊടുവില്‍ യുവതാരം ഋഷഭ് പന്ത് ഒടുവില്‍ ഇന്ത്യയുടെ ലോകകപ്പ് ടീമില്‍. ഓസട്രേലിയക്കെതിരായ മത്സരത്തിനിടെ കൈയിലെ തള്ളവിരലിന് പരിക്കേറ്റ ഓപ്പണര്‍ ശിഖര്‍ ധവാന്റെ പരിക്ക് ഭേദമാവില്ലെന്ന് ഉറപ്പായതോടെയാണ് സ്റ്റാന്‍ഡ് ബൈ ആയി ഇംഗ്ലണ്ടിലെത്തിയ ഋഷഭ് പന്തിന് ലോകകപ്പ് ടീമിലേക്കുള്ള വഴി തുറന്നത്.

ധവാന് പരിക്കേറ്റ ഉടനെ ഋഷഭ് പന്തിനെ പകരക്കാരനായി പ്രഖ്യാപിക്കാന്‍ സെലക്ടര്‍മാര്‍ തയാറായതായിരുന്നെങ്കിലും കൈയിലെ പരിക്ക് ഭേദമാവാവാന്‍ ധവാന് കൂടുതല്‍ സമയം നല്‍കണമെന്നായിരുന്നു ടീം മാനേജ്മെന്റിന്റെ നിലപാട്. ഏതാനും മത്സരങ്ങള്‍ നഷ്ടമായാലും ധവാന് ടൂര്‍ണമെന്റില്‍ തുടര്‍ന്നും കളിക്കാനാവുമോ എന്നായിരുന്നു ടീം മാനേജ്മെന്റ് നോക്കിയത്.

ലോകകപ്പിനുള്ള 15 അംഗ ടീമില്‍ ഇടം നേടുമെന്ന് കരുതിയ താരമായിരുന്നു ഋഷഭ് പന്ത്. എന്നാല്‍ പരിചയസമ്പത്തിന് മുന്‍തൂക്കം നല്‍കാന്‍ തീരുമാനിച്ച സെലക്ടര്‍മാര്‍ പന്തിന് പകരം ദിനേശ് കാര്‍ത്തിക്കിനാണ് 15 അംഗ ടീമില്‍ ഇടം നല്‍കിയത്. ഋഷഭ് പന്തിനെ റിസര്‍വ് താരങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു.

ധവാന്റെ പകരക്കാരനായി ഋഷഭ് പന്തിന്റെ പേര് ഐസിസി ടെക്നിക്കല്‍ കമ്മിറ്റി ഔദ്യോഗികമായി അംഗീകരിക്കുക എന്ന ഔപചാരികത മാത്രമാണ് ഇനി ബാക്കിയുള്ളത്. ധവാന്റെ അഭാവത്തില്‍ ഞായറാഴ്ച പാക്കിസ്ഥാനെതിരെ നടന്ന മത്സരത്തില്‍ കെ എല്‍ രാഹുല്‍ ഓപ്പണറായി ഇറങ്ങിയിരുന്നു. രാഹുല്‍ ഓപ്പണ്‍ ചെയ്തതോടെ നാലാം നമ്പറില്‍ വിജയ് ശങ്കറാണ് പാക്കിസ്ഥാനെതിരെ കളിച്ചത്.