ലോകകപ്പ് ക്രിക്കറ്റില്‍ ശ്രീലങ്കക്കെതിരെ ഇന്ത്യക്ക് മികച്ച തുടക്കം. ശ്രീലങ്ക ഉയര്‍ത്തിയ 265 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 20 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 109 റണ്‍സെടുത്തിട്ടുണ്ട്. 

ലീഡ്സ്: ലോകകപ്പ് ക്രിക്കറ്റില്‍ ശ്രീലങ്കക്കെതിരെ ഇന്ത്യക്ക് മികച്ച തുടക്കം. ശ്രീലങ്ക ഉയര്‍ത്തിയ 265 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 20 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 109 റണ്‍സെടുത്തിട്ടുണ്ട്. രോഹിത് ശര്‍മയുടെ വെടിക്കെട്ട് അര്‍ധസെഞ്ചുറിയുടെയും കെ എല്‍ രാഹുലിന്റെയും ബാറ്റിംഗ് മികവിലാണ് ഇന്ത്യ മികച്ച തുടക്കമിട്ടത്.

60 പന്തില്‍ 66 റണ്‍സുമായി രോഹിത്തും 61 പന്തില്‍ 42 റണ്‍സുമായി രാഹുലും ക്രീസില്‍. 48 പന്തില്‍ അര്‍ധസെഞ്ചുറിയിലെത്തിയ രോഹിത് പിന്നീട് ടോപ് ഗിയറിലായി. ധനഞ്ജയ ഡിസില്‍വയെ ഒരോവറില്‍ രണ്ട് സിക്സറിന് പറത്തിയ രോഹിത് ലങ്കന്‍ ബൗളര്‍മാരെ കണക്കറ്റ് പ്രഹരിച്ചു.

നേരത്തെ, സെഞ്ചുറിയുമായി തകര്‍ത്തുകളിച്ച ഏയ്ഞ്ചലോ മാത്യൂസിന്‍റെ മികവാണ് ശ്രീലങ്കയ്ക്ക് ഭേദപ്പെട്ട സ്കോര്‍ സമ്മാനിച്ചത്. മാത്യൂസിന്‍റെ കരുത്തില്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 264 റണ്‍സാണ് ലങ്ക കുറിച്ചത്. ഇന്ത്യക്കായി ജസ്പ്രീത് ബൂമ്ര മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ലങ്കയെ കാത്തിരുന്നത് ജസ്പ്രീത് ബുമ്രയുടെ തീപാറുന്ന പന്തുകളായിരുന്നു.

തന്‍റെ രണ്ടാം ഓവറില്‍ തന്നെ ശ്രീലങ്കന്‍ നായകനെ വിക്കറ്റ് കീപ്പര്‍ ധോണിയുടെ കെെകളില്‍ എത്തിച്ച ബൂമ്ര ആദ്യ രണ്ട് ഓവര്‍ ഒരു റണ്‍സ് പോലും വഴങ്ങാതെയാണ് പൂര്‍ത്തിയാക്കിയത്. മറുവശത്ത് ഭുവനേശ്വര്‍ കുമാറിനെതിരെ ശ്രീലങ്കന്‍ ബാറ്റിംഗ് നിര മികച്ച പ്രകടനമാണ് പുറത്തെടുത്തത്.

എന്നാല്‍, ആക്രമണം കടുപ്പിച്ച ബൂമ്ര അധികം വെെകാതെ കുശാല്‍ പെരേരെയെയും പുറത്താക്കി. പിന്നീട് അവിഷ്ക ഫെര്‍ണാണ്ടോയും കുശാല്‍ മെന്‍ഡിസും പുറത്തായ ശേഷം ഒന്നിച്ച ലഹിരു തിരിമാനെ- മാത്യൂസ് സഖ്യമാണ് ലങ്കയെ കരകയറ്റിയത്.