ലണ്ടന്‍: ലോകകപ്പ് ആവേശം വാനോളമുയര്‍ത്തി ഇംഗ്ലണ്ടും ന്യൂസിലന്‍ഡും ഫൈനലില്‍ ഏറ്റുമുട്ടുമ്പോള്‍ കിരീടം ആരു നേടും എന്നതിനൊപ്പം ഇന്ത്യന്‍ ആരാധകര്‍ ആകാംക്ഷയോടെ ഉറ്റുനോക്കിയ കാര്യം ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സെന്ന സച്ചിന്റെ റെക്കോര്‍ഡ് ആര് തകര്‍ക്കും എന്നതായിരുന്നു. ഇംഗ്ലണ്ടിന്റെ ജോ റൂട്ടിലും ന്യൂസിലൻഡിന്‍റെ കെയ്ൻ വില്യംസണിലുമായിരുന്നു ആരാധകരുടെ ശ്രദ്ധ മുഴുവന്‍..

2003ലെ ലോകകപ്പില്‍ സച്ചിന്‍ നേടിയ 673 റണ്‍സിന്റെ റെക്കോര്‍ഡാണ് വില്യംസണും ജോ റൂട്ടിനും മുന്നില്‍ മറികടക്കാനുണ്ടായിരുന്നത്. 648 റണ്‍സടിച്ച രോഹിത് ശര്‍മയുടെ ഇന്ത്യയും 647 റണ്‍സടിച്ച ഡേവിഡ് വാര്‍ണറുടെ ഓസ്ട്രേലിയയും സെമിയില്‍ വീണതിനാല്‍ സച്ചിന്റെ റെക്കോര്‍ഡ് മറികടക്കാനുള്ള സാധ്യത ഇരുവരിലും മാത്രമായി ചുരുങ്ങിയിരുന്നു. ഫൈനലില്‍ 125 റണ്‍സെടുത്തിരുന്നെങ്കില്‍ റൂട്ടിനും 126 റണ്‍സെടുത്തിരുന്നെങ്കില്‍ വില്യംസണും റെക്കോര്‍ഡ് സ്വന്തമാവുമായിരുന്നു.

എന്നാല്‍ ഫൈനലില്‍ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡിനായി വില്യംസണ്‍ 30 റണ്‍സെടുത്ത് പുറത്തായതോടെ പിന്നീട് എല്ലാ കണ്ണുകളും ജോ റൂട്ടിലായി. കീവീസ് പേസാക്രമണത്തിന് മുന്നില്‍ ഒട്ടും ആത്മവിശ്വാസമില്ലാതെ ബാറ്റ് വീശിയ റൂട്ട് ആകട്ടെ 30 പന്തില്‍ ഏഴ് റണ്‍സെടുത്ത് പുറത്തായി.

ഒമ്പത് കളികളില്‍ 578 റണ്‍സടിച്ച വില്യംസണ്‍ ലോകകപ്പ് റണ്‍വേട്ടയില്‍ നാലാമതാണ്. 11 കളികളില്‍ 556 റണ്‍സടിച്ച ജോ റൂട്ട് അഞ്ചാം സ്ഥാനത്തുണ്ട്. 648 റണ്‍സുമായി രോഹിത് ഒന്നാം സ്ഥാനത്തും 647 റണ്‍സുമായി വാര്‍ണര്‍ രണ്ടാം സ്ഥാനത്തുമാണ്. 606 റണ്‍സെടുത്ത ഷാക്കിബ് അല്‍ ഹസനാണ് മൂന്നാമത്. ഇന്ന് ഒരു റണ്ണെടുത്തതോടെ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സടിക്കുന്ന നായകനെന്ന റെക്കോര്‍ഡ് നേരത്തെ വില്യംസണ്‍ സ്വന്തമാക്കിയിരുന്നു.