മാഞ്ചസ്റ്റര്‍: ലോകകപ്പ് ക്രിക്കറ്റില്‍ പാക്കിസ്ഥാന്‍ ഇന്ത്യയോട് തോറ്റതിന് സാനിയ മിര്‍സയെ വിമര്‍ശിക്കുന്ന ആരാഝകര്‍ക്കെതിരെ പാക് മുന്‍ താരം ഷൊയൈബ് അക്തര്‍. തന്റെ യുട്യൂബ് ചാനലിലൂടെയാണ് അക്തര്‍ വിവാദത്തോട് പ്രതികരിച്ചത്.

സാനിയയുടെ ഭര്‍ത്താവും പാക് ടീം അംഗവുമായ ഷൊയൈബ് മാലിക്ക് മികച്ച പ്രകടനം പുറത്തെടുക്കുന്നില്ലെങ്കില്‍ അദ്ദേഹത്തെ ടീമില്‍ നിന്ന് പുറത്താക്കുകയാണ് വേണ്ടതെന്നും അല്ലാതെ സാനിയയെ വിമര്‍ശിക്കുകയല്ലെന്നും അക്തര്‍ പറഞ്ഞു. പാക്കിസ്ഥാന്‍ തോറ്റതിന്റെ പേരില്‍ മോശം അനുഭവം നേരിടേണ്ടിവന്ന നിര്‍ഭാഗ്യവതിയായ സ്ത്രീയാണ് സാനിയയെന്നും അക്തര്‍ പറഞ്ഞു.

ഇന്ത്യക്കെതിരായ മത്സരത്തിന് തലേദിവസം ടീമംഗങ്ങള്‍ നടത്തിയ ഹോട്ടല്‍ യാത്രയുടെ ചിത്രങ്ങളെന്ന പേരില്‍ കഴിഞ്ഞ ദിവസം ആരാധകര്‍ ചിത്രങ്ങളും ദൃശ്യങ്ങലും പുറത്തുവിട്ടിരുന്നു. പാക് താരം ഷൊയൈബ് മാലിക്, ഭാര്യ സാനിയ മിര്‍സ, മറ്റു പാക് താരങ്ങളായ വഹാബ് റിയാസ്, ഇമാം ഉള്‍ ഹഖ് എന്നിവരുടെ ചിത്രങ്ങളും വിഡിയോകളുമാണ് പുറത്ത് വന്നത്. ഇതിന് പിന്നാലെയാണ് ആരാധകര്‍ ട്വിറ്റിറില്‍ സാനിയക്കും ഷൊയൈബ് മാലിക്കിനും നേരെ പ്രതിഷേധവുമായി രംഗത്തെത്തിയത്.

എന്നാല്‍ പുറത്തുവന്ന ദൃശ്യങ്ങളും ചിത്രങ്ങളും മത്സരത്തലേന്നത്തെ അല്ലെന്നും 13-ാം തീയതിയിലേത് ആണെന്നും ഷൊയൈബ് മാലിക്ക് പിന്നീട് വിശദീകരിച്ചു. പാക് ബോര്‍ഡും ആരോപണങ്ങള്‍ തള്ളിയിരുന്നു. ഇന്ത്യക്കെതിരായ മത്സരത്തില്‍ ഷുയൈബ് മാലിക് നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്തായിരുന്നു.