മാഞ്ചസ്റ്റര്‍: ലോകകപ്പ് ക്രിക്കറ്റില്‍ പാക്കിസ്ഥാന്‍ ഇന്ത്യക്കെതിരെ തോറ്റതിന് പിന്നാലെ ഇന്ത്യന്‍ ടെന്നീസ് താരവും പാക് ക്രിക്കറ്റ് താരം ഷൊയൈബ് മാലിക്കിന്റെ ഭാര്യയുമായ സാനിയ മിര്‍സയുടെ ട്വിറ്ററില്‍ പാക് ആരാധകരുടെ പ്രതിഷേധം അതിരുവിട്ടതോടെ ട്വിറ്ററില്‍ നിന്ന് തല്‍ക്കാലത്തേക്ക് മാറി നില്‍ക്കുകയാണെന്ന് സാനിയ. ട്വിറ്ററിലെ ആരാധകരോഷം തന്നെ ശരിക്കും രോഷാകുലയാക്കിയെന്നും നിങ്ങളുടെ നിരാശ മറികടക്കാന്‍ നിങ്ങള്‍ മറ്റ് മാധ്യമങ്ങളെ ആശ്രയിക്കാമെന്നും വ്യക്തമാക്കിയാണ് തല്‍ക്കാലത്തേക്ക് ട്വിറ്ററില്‍ നിന്ന് മാറി നില്‍ക്കുകയാണെന്ന് വ്യക്തമാക്കി സാനി ട്വീറ്റിട്ടത്.

ലോകകപ്പില്‍ ഇന്ത്യക്കെതിരായ നിര്‍ണായക മത്സരത്തിന് തലേദിവസം പാക് ടീമംഗങ്ങള്‍ നടത്തിയ ഹോട്ടല്‍ യാത്രയുടെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. പാക് താരം ഷൊയൈബ് മാലിക്, ഭാര്യ സാനിയ മിര്‍സ, മറ്റു പാക് താരങ്ങളായ വഹാബ് റിയാസ്, ഇമാം ഉള്‍ ഹഖ് എന്നിവരുടെ ചിത്രങ്ങളും വിഡിയോകളുമാണ് പുറത്ത് വന്നത്. മത്സരത്തില്‍ ഷുയൈബ് മാലിക് നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്തായിരുന്നു.

പാക് ടീമിന്റെ തോല്‍വിക്ക് കാരണം ഷൊയൈബ് മാലിക്കും സാനിയയുമാണെന്നും ആരാധകര്‍ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ ഹോട്ടലിലെ വീഡിയോ ചിത്രീകരിച്ചത് തങ്ങളുടെ അനുമതിയില്ലാതെയാണെന്നും തങ്ങളുടെ സ്വകാര്യതയിലുള്ള കടന്നു കയറ്റമാണിതെന്നും വീഡിയോ എടുത്തു പുറത്തുവിട്ടവര്‍ തങ്ങളുടെ കൂടെയുള്ള കുട്ടിയെ കൂടി കണക്കിലെടുത്തില്ലെന്നും സാനിയ ട്വിറ്ററില്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. കളിയില്‍ തോറ്റാലും ആളുകള്‍ക്ക് ഭക്ഷണം കഴിക്കണ്ടേയെന്നും വിഡ്ഡികളുടെ കൂട്ടമാണ് ഇതൊക്കെ ചെയ്യുന്നതെന്നും സാനിയ നേരത്തെ ട്വിറ്ററില്‍ കുറിച്ചിരുന്നു.