മാഞ്ചസ്റ്റര്‍: ലോകകപ്പ് ക്രിക്കറ്റില്‍ ഇതിനു മുമ്പ് ആറു തവണ ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടിയപ്പോഴും ടോസ് നേടിയ നായകന്‍മാരെല്ലാം ബാറ്റിംഗാണ് തെരഞ്ഞെടുത്തത്. എന്നാല്‍ ഇന്നലെ ആദ്യമായി ടോസ് കിട്ടിയിട്ടും പാക് നായകന്‍ സര്‍ഫ്രാസ് അഹമ്മദ് തെരഞ്ഞെടുത്തത് ബൗളിംഗ്. മൂടിക്കെട്ടിയ അന്തരീക്ഷവും ഇടക്കിടെ മഴ പെയ്യുമെന്ന പ്രവചനവുമാണ് സര്‍ഫ്രാസിനെ ഇത്തരമൊരു തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചത്. മൂടിക്കെട്ടിയ അന്തരീക്ഷത്തില്‍ പേസ് ബൗളര്‍മാര്‍ക്ക് തുടക്കത്തില്‍ ആനുകൂല്യം ലഭിക്കുമെന്നതും സര്‍ഫ്രാസിന്റെ തീരുമാനത്തിന് കാരണമായി.

എന്നാല്‍ മത്സരത്തിന്റെ തലേ ദിവസം പാക് ക്രിക്കറ്റ് ടീമിന്റെ മുന്‍ നായകന്‍ കൂടിയായ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ സര്‍ഫ്രാസിനെ ഉപദേശിച്ചത് ടോസ് നേടിയാല്‍ ബാറ്റിംഗ് തെരഞ്ഞെടുക്കണമെന്നായിരുന്നു. പിച്ച് ബാറ്റിംഗിന് ഒട്ടും അനുകൂലമല്ലെങ്കില്‍ മാത്രമെ ടോസ് നേടിയാല്‍ ബൗളിംഗ് തെര‍ഞ്ഞെടുക്കാവൂ എന്നും അല്ലെങ്കില്‍ ബാറ്റിംഗ് തെരഞ്ഞെടുക്കണമെന്നുമായിരുന്നു ട്വിറ്ററിലൂടെ ഇമ്രാന്റെ ഉപദേശം. മത്സരത്തിനു തലേന്ന് അഞ്ച് ട്വീറ്റുകളിലൂടെയാണ് ഇമ്രാന്‍ ടീമിന് ആശംസയും ഒപ്പം നിര്‍ദ്ദേശങ്ങളും നല്‍കിയത്.

ആധുനിക ക്രിക്കറ്റില്‍ വിജയിക്കണമെങ്കില്‍ മനക്കരുത്ത് അനിവാര്യമാണെന്നായിരുന്നു ഇമ്രാന്റെ ആദ്യ ട്വീറ്റ്. താന്‍ ക്രിക്കറ്റ് കളിക്കാന്‍ തുടങ്ങിയ കാലത്ത് 70% കഴിവ്, 30% മനഃസാന്നിധ്യം എന്നതായിരുന്നു ഒരു ക്രിക്കറ്റര്‍ക്ക് വേണ്ടിയിരുന്നത്. പിന്നീട് ഞാന്‍ വിരമിച്ചപ്പോഴേക്കും അത് 50–50 എന്നായി. ഇപ്പോള്‍ അത് 40–60 എന്നാണെന്ന് എന്റെ സുഹൃത്ത് സുനില്‍ ഗാവസ്കര്‍ പറയുന്നതിനോട് ഞാന്‍ യോജിക്കുന്നു. മനക്കരുത്തിന്റെ തോത് ഇനിയും കൂടിയേക്കാം. പാക്കിസ്ഥാന്‍ ക്യാപ്റ്റന്‍ സര്‍ഫ്രാസ് അഹമ്മദ് മനക്കരുത്തുള്ളയാളാണ് എന്നതില്‍ തനിക്കു സന്തോഷമുണ്ടെന്നും നിര്‍ഭയമായി കളിക്കാന്‍ ടീം ശ്രമിക്കണമെന്നും ഇമ്രാന്‍ ഉപദേശിച്ചിരുന്നു.

സ്പെഷലിസ്റ്റ് ബാറ്റ്സ്മാന്‍മാരെയും ബൗളര്‍മാരെയും മാത്രം സര്‍ഫ്രാസ് ടീമിലെടുക്കണമെന്ന് ഉപദേശിച്ച ഇമ്രാന്‍ മോശം പിച്ചല്ലെങ്കില്‍ ടോസ് കിട്ടിയാല്‍ ബാറ്റിംഗ് തന്നെ തിരഞ്ഞെടുക്കണണമെന്നും ട്വീറ്റ് ചെയ്തിരുന്നു. എന്നാല്‍, സര്‍ഫ്രാസിന്റെ തീരുമാനത്തെ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയും പിന്തുണച്ചു: ടോസ് കിട്ടിയിരുന്നെങ്കില്‍ താനും ഫീല്‍ഡിംഗ് തെരഞ്ഞെടുത്തേനെയെന്ന് കോലി പറഞ്ഞു.