ലണ്ടന്‍: ലോകകപ്പ് ക്രിക്കറ്റില്‍ നാലു വിക്കറ്റ് വീഴ്ത്തി അഫ്ഗാനിസ്ഥാനെ എറിഞ്ഞിട്ട പാക്കിസ്ഥാന്റെ യുവതാരം ഷഹീന്‍ അഫ്രീദിക്ക് ലോകകപ്പ് റെക്കോര്‍ഡ്. ലോകകപ്പില്‍ നാലു വിക്കറ്റ് വീഴ്ത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ ബൗളറെന്ന നേട്ടമാണ് ഷഹീന്‍ അഫ്രീദി സന്തമാക്കിയത്. അഫ്ഗാനെതിരെ ഇന്ന് നാലു വിക്കറ്റ് വീഴ്ത്തിയ അഫ്രീദിയുടെ പ്രായം 19 വയസും 84 ദിവസുമാണ്.

1999ല്‍ ബംഗ്ലാദേശിനെതിരെ നാലു വിക്കറ്റ് വീഴ്ത്തിയ സ്കോട്‌ലന്‍ഡിന്റെ ജോണ്‍ ബ്ലെയിന്റെ(20 വയസും 140 ദിവസവും) റെക്കോര്‍ഡാണ് അഫ്രീദി ഇന്ന് തകര്‍ത്തത്. ഇംഗ്ലണ്ടിന്റെ ജെയിംസ് ആന്‍ഡേഴ്സണ്‍ ഇരുപതാം വയസില്‍ രണ്ട് തവണ നാലു വിക്കറ്റ് വീഴ്ത്തി ലോകകപ്പില്‍ ഈ നേട്ടം കൈവരിച്ചിട്ടുണ്ട്. 2003 ലോകകപ്പിലായിരുന്നു ഇത്.

ലോകകപ്പിന്റെ തുടക്കത്തില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിയാതിരുന്ന അഫ്രീദി ടീമിന് പുറത്തായിരുന്നു. എന്നാല്‍ ന്യൂസിലന്‍ഡിനെതിരെ മൂന്ന് വിക്കറ്റ് വീഴ്ത്തി പാക്കിസ്ഥാന്റെ വിജയത്തില്‍ നിര്‍ണായക പങ്കു വഹിച്ച അഫ്രീദി അഫ്ഗാനെതിരെ നാലു വിക്കറ്റുമായി മികച്ച പ്രകടനം തുടര്‍ന്നതിനൊപ്പം ലോകകപ്പ് റെക്കോര്‍ഡും സ്വന്തമാക്കി.