മാഞ്ചസ്റ്റര്‍: ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യക്കെതിരായ പാക്കിസ്ഥാന്റെ തോല്‍വിക്ക് പിന്നാലെ പാക് ആരാധകര്‍ പ്രചരിപ്പിച്ച വീഡിയോയിലെ സത്യം വെളിപ്പെടുത്തി പാക് താരം ഷൊയൈബ് മാലിക്ക്. മത്സരത്തലേന്ന് മാലിക്കും ഭാര്യയും ഇന്ത്യന്‍ ടെന്നീസ് താരവുമായ സാനിയ മിര്‍സയും പാക് ടീം അംഗങ്ങളും പാതി രാത്രിവരെ മാഞ്ചസ്റ്ററിലെ ഷിഷാ കഫേയില്‍ ഇരിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ എന്ന് പറഞ്ഞ് ആരാധകര്‍ പുറത്തുവിട്ട വീഡിയോ 13ന് രാത്രിയിലെ ആയിരുന്നുവെന്ന് മാലിക്ക് ട്വിറ്ററില്‍ വ്യക്തമാക്കി.

ട്വീറ്റില്‍ പാക് മാധ്യമങ്ങളെ മാലിക് രൂക്ഷമായി വിമര്‍ശിച്ചിട്ടുമുണ്ട്. പാക് മാധ്യമങ്ങള്‍ നല്‍കുന്ന വാര്‍ത്തകള്‍ക്ക് വിശ്വാസ്യത ഉറപ്പാക്കാന്‍ നമ്മുടെ നാട്ടിലെ കോടതികള്‍ ഇനിയെങ്കിലും ഇടപെടുമോ എന്ന് ചോദിച്ച മാലിക്ക് 20 വര്‍ഷം രാജ്യത്തിനായി കളിച്ചിട്ടും സ്വകാര്യ ജീവിതത്തെക്കുറിച്ച് ഇത്തരത്തില്‍ വീണ്ടും വീണ്ടും വിശദീകരിക്കേണ്ടിവരുന്നതില്‍ ഖേദമുണ്ടെന്നും വ്യക്തമാക്കി. ഇത്തരം വിലകുറഞ്ഞ ആരോപണങ്ങളില്‍ നിന്നും ചര്‍ച്ചകളില്‍ നിന്നും കുടുംബത്തെ ഒഴിവാക്കണമെന്നും മാലിക് ആരാധകരോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഇന്ത്യക്കെതിരായ മത്സരത്തിന്റെ തലേദിവസം പാക് താരങ്ങള്‍ അച്ചടക്കലംഘനം നടത്തിയെന്ന രീതിയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ പാക് ക്രിക്കറ്റ് ബോര്‍ഡ് നിഷേധിച്ച വാര്‍ത്തയോടൊപ്പമാണ് മാലിക്കിന്റെ ട്വീറ്റ്.

ഇന്ത്യക്കെതിരായ മത്സരത്തിന്റെ തലേന്ന് ഷൊയൈബ് മാലിക്കിനും സാനിയ മിര്‍സയ്ക്കും ഒപ്പം മറ്റു പാക് താരങ്ങളായ വഹാബ് റിയാസ്, ഇമാം ഉള്‍ ഹഖ് എന്നിവര്‍ മാഞ്ചസ്റ്ററിലെ ഷിഷാ കഫേയില്‍ ഇരിക്കുന്ന ദൃശ്യങ്ങളെന്ന് പറഞ്ഞാണ് പാക് ആരാധകര്‍ വീഡിയോ പുറത്തുവിട്ടത്. ഇന്ത്യക്കെതിരായ മത്സരത്തില്‍ ഷൊയൈബ് മാലിക്ക് നേരിട്ട ആദ്യ പന്തില്‍ പുറത്തായപ്പോള്‍ ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്ത ഇമാമുള്‍ ഹഖ് ഏഴ് റണ്‍സെടുത്ത് പുറത്തായി. 10 ഓവര്‍ എറിഞ്ഞ വഹാബ് റിയാസാകട്ടെ ഒരു വിക്കറ്റെടുത്തെങ്കിലും 71 റണ്‍സ് വിട്ടുകൊടുക്കുകയും ചെയ്തു. ഇന്ത്യക്കെതിരായ മത്സരത്തിന്റെ തലേന്ന് പുലര്‍ച്ചെ രണ്ടു മണി വരെ മാലിക് ഹോട്ടലില്‍ ആയിരുന്നുവെന്നായിരുന്നു ആരാധകരുടെ ആരോപണം.

പാക് തോല്‍വിക്ക് കാരണം മാലിക്കാണെന്നും ആരാധകര്‍ ആരോപിച്ചിരുന്നു. മാലിക്കിനൊപ്പം സാനിയാ മിര്‍സക്കെതിരെയും ആരാധകര്‍ പ്രതിഷേധം കനപ്പിച്ചതോടെ ട്വിറ്ററില്‍ നിന്ന് തല്‍ക്കാലത്തേക്ക് അവധിയെടുക്കുകയാണെന്ന് സാനിയ നേരത്തെ വ്യക്തമാക്കിിയിരുന്നു.