മാഞ്ചസ്റ്റര്‍: കൈവിരലിനേറ്റ പരിക്കിനെ തുടര്‍ന്ന് ലോകകപ്പില്‍ നിന്ന് പുറത്തായതിന് പിന്നാലെ വികാരനിര്‍ഭരമായ കുറിപ്പുമായി ഇന്ത്യയുടെ ഓപ്പണര്‍ ശിഖര്‍ ധവാന്‍. ലോകകപ്പില്‍ ഇനി പങ്കെടുക്കാനാവില്ലെന്ന് പറയേണ്ടിവരുന്നത് തന്നെ വികാരഭരിതനാക്കുന്നുവെന്ന് ധവാന്‍ ട്വിറ്ററില്‍ വ്യക്തമാക്കി. നിര്‍ഭാഗ്യവശാല്‍ വിരലിലെ പരിക്ക് ഉടന്‍ ഭേദമാവില്ല. എങ്കിലും കളി തുടരുക തന്നെവേണം. ഈ ഘട്ടത്തില്‍ എന്നെ പിന്തുണച്ച ടീം അംഗങ്ങള്‍ക്കും ആരാധകര്‍ക്കും രാജ്യത്തിനും നന്ദി. ജയ്ഹിന്ദ് എന്നായിരുന്നു ധവാന്റെ ട്വീറ്റ്.

ലോകകപ്പില്‍ ഓസ്ട്രേലിയക്കെതിരായ മത്സരത്തിനിടെയായിരുന്നു ധവാന്റെ കൈയിലെ തള്ളവിരലിന് പരിക്കേറ്റത്. പരിക്കേറ്റ കൈയുമായി ഓസ്ട്രേലിയക്കെതിരെ സെഞ്ചുറി അടിച്ച് ടീമിന്റെ വിജയശില്‍പിയായെങ്കിലും പിന്നീടുള്ള പരിശോധനയില്‍ കൈവിരലിന് പൊട്ടലുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. പരിക്ക് ഭേദമാവാന്‍ മൂന്നാഴ്ച വിശ്രമമാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചതെങ്കിലും അതിന് മുമ്പ് ഭേദമാവുമെന്ന പ്രതീക്ഷയില്‍ ടീമിനൊപ്പം തുടരുകയായിരുന്നു ധവാന്‍.

ധവാന്റെ പരിക്ക് ഭേദമാവില്ലെന്ന് ഉറപ്പായതോടെയാണ് സ്റ്റാന്‍ഡ് ബൈ ആയി ഇംഗ്ലണ്ടിലെത്തിയ ഋഷഭ് പന്തിന് ധവാന്റെ പകരക്കാരനായി ലോകകപ്പ് ടീമിലെടുത്തിരുന്നു. ധവാന് പരിക്കേറ്റ ഉടനെ ഋഷഭ് പന്തിനെ പകരക്കാരനായി പ്രഖ്യാപിക്കാന്‍ സെലക്ടര്‍മാര്‍ തയാറായതായിരുന്നെങ്കിലും കൈയിലെ പരിക്ക് ഭേദമാവാവാന്‍ ധവാന് കൂടുതല്‍ സമയം നല്‍കണമെന്നായിരുന്നു ടീം മാനേജ്മെന്റിന്റെ നിലപാട്. ഏതാനും മത്സരങ്ങള്‍ നഷ്ടമായാലും ധവാന് ടൂര്‍ണമെന്റില്‍ തുടര്‍ന്നും കളിക്കാനാവുമോ എന്നായിരുന്നു ടീം മാനേജ്മെന്റിന്റെ പ്രതീക്ഷ.

ധവാന്റെ അഭാവത്തില്‍ ഞായറാഴ്ച പാക്കിസ്ഥാനെതിരെ നടന്ന മത്സരത്തില്‍ കെ എല്‍ രാഹുല്‍ ഓപ്പണറായി ഇറങ്ങിയിരുന്നു. രാഹുല്‍ ഓപ്പണ്‍ ചെയ്തതോടെ നാലാം നമ്പറില്‍ വിജയ് ശങ്കറാണ് പാക്കിസ്ഥാനെതിരെ കളിച്ചത്.