മാഞ്ചസ്റ്റര്‍: ലോകകപ്പ് ക്രിക്കറ്റില്‍ അഫ്ഗാനിസ്ഥാനെതിരായ മെല്ലെപ്പോക്ക് ബാറ്റിംഗിന് ഇതിഹാസതാരം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ വിമര്‍ശനം ഏറ്റുവാങ്ങിയ എം എസ് ധോണിക്ക് പിന്തുണയുമായി മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി. ധോണി മികവുറ്റ ബാറ്റ്സ്മാനാണ്. ഈ ലോകകപ്പില്‍ അദ്ദേഹം അത് തെളിയിക്കുമെന്ന് എനിക്കുറപ്പുണ്ട്. അഫ്ഗാനിസ്ഥാനെതിരെ സംഭവിച്ചത് ഒരു മോശം പ്രകടനം മാത്രമാണ്. ധോണി ശക്തനായി തിരിച്ചെത്തുമെന്ന് എനിക്കുറപ്പുണ്ട്-ഗാംഗുലി പറഞ്ഞു.

അഫ്ഗാനെതിരെ ധോണി 52 പന്തില്‍ 28 റണ്‍സാണെടുത്തത്. ധോണിയും കേദാര്‍ ജാദവും ചേര്‍ന്നുള്ള കൂട്ടുകെട്ട് സ്കോറിംഗ് വേഗം കൂട്ടാഞ്ഞതില്‍ തനിക്ക് നിരാശയുണ്ടെന്ന് സച്ചിന്‍ മത്സരശേഷം പറഞ്ഞിരുന്നു.

ടൂര്‍ണമെന്റില്‍ ബാറ്റ് ചെയ്യാന്‍ അധികം അവസരം ലഭിക്കാതിരുന്ന കേദാര്‍ ജാദവ് കടുത്ത സമ്മര്‍ദ്ദത്തിലായിരുന്നുവെന്നും സീനിയര്‍ താരമെന്ന നിലയ്ക്ക് ധോണി കുറച്ചുകൂടി ആക്രമിച്ചു കളിക്കാന്‍ ശ്രമിക്കണമായിരുന്നുവെന്നും സച്ചിന്‍ ഇന്ത്യാ ടുഡേക്ക് അനുവദിച്ച അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.