ലണ്ടന്‍: ഐസിസിയുടെ ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചു. ഇന്ത്യയില്‍ നിന്ന് രണ്ട് താരങ്ങളാണ് ഐസിസി ലോക ഇലവനില്‍ ഇടം നേടിയത്. ഓപ്പണര്‍ രോഹിത് ശര്‍മയും പേസ് ബൗളര്‍ ജസ്പ്രീത് ബുമ്രയും. ഇംഗ്ലണ്ടിന്റെ ഓപ്പണറായ ജേസണ്‍ റോയ് ആണ് രോഹിത്തിനൊപ്പം ഓപ്പണറായി ടീമിലെത്തിയത്.ലോകകപ്പില്‍ റണ്‍വേട്ടയില്‍ മുന്നിലെത്തിയത് രോഹിത് ശര്‍മയായിരുന്നു. റോയ് ആകട്ടെ 115.35 പ്രഹരശേഷിയില്‍ 443 റണ്‍സടിച്ചു.

ലോകകപ്പിന്റെ താരമായ ന്യൂസിലന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസണാണ് മൂന്നാം നമ്പറില്‍. ലോകകപ്പില്‍ 556 റണ്‍സടിച്ച ഇംഗ്ലണ്ടിന്റെ ജോ റൂട്ട് നാലാം നമ്പറില്‍ ഇടം നേടി. ബംഗ്ലാദേശ് ഓള്‍ റൗണ്ടര്‍ ഷാക്കിബ് അല്‍ ഹസന്‍ ആണ് അഞ്ചാമതായി ഇറങ്ങുന്നത്. 606 റണ്‍സും 11 വിക്കറ്റുമാണ് ലോകകപ്പില്‍ ഷാക്കിബിന്റെ നേട്ടം.

ഫൈനലിലെ താരമായ ഇംഗ്ലണ്ടിന്റെ ബെന്‍ സ്റ്റോക്സ് ആറാമനായി എത്തുമ്പോള്‍ ജോസ് ബട്‌ലറെയും എം എസ് ധോണിയെയും പിന്തള്ളി ഓസ്ട്രേലിയയുടെ അലക്സ് ക്യാരി വിക്കറ്റ് കീപ്പറായി ടീമിലെത്തി. ലോകകപ്പിലെ വിക്കറ്റ് വേട്ടയില്‍ റെക്കോര്‍ഡിട്ട ഓസീസിന്റെ മിച്ചല്‍ സ്റ്റാര്‍ക്ക് ഇംഗ്ലണ്ടിന്റെ ജോഫ്ര ആര്‍ച്ചര്‍, ന്യൂസിലന്‍ഡിന്റെ ലോക്കി ഫെര്‍ഗൂസന്‍ എന്നിവര്‍ക്കൊപ്പമാണ് ജസ്പ്രീത് ബുമ്ര അന്തിമ ഇലവനില്‍ എത്തിയത്. ന്യൂസിലന്‍ഡിന്റെ ട്രെന്റ് ബോള്‍ട്ടാണ് ടീമിലെ പന്ത്രണ്ടാമന്‍.

ഐസിസിയുടെ ലോകകപ്പ് ഇലവന്‍: രോഹിത് ശര്‍മ, ജേസണ്‍ റോയ്, കെയ്ന്‍ വില്യംസണ്‍(ക്യാപ്റ്റന്‍), ജോ റൂട്ട്, ഷാക്കിബ് അല്‍ഹസന്‍, ബെന്‍ സ്റ്റോക്സ്, അലക്സ് ക്യാരി, മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഫ്ര ആര്‍ച്ചര്‍, ലോക്കി ഫെര്‍ഗൂസന്‍, ജസ്പ്രീത് ബുമ്ര. പന്ത്രണ്ടാമന്‍-ട്രെന്റ് ബോള്‍ട്ട്.