മാഞ്ചസ്റ്റര്‍: അമ്പാട്ടി റായുഡുവിന് പകരം വിജയ് ശങ്കറെ ലോകകപ്പ് ടീമിലെടുത്തപ്പോള്‍ ഇന്ത്യന്‍ ടീമിന്റെ ചീഫ് സെലക്ടറായ എംഎസ്‌കെ പ്രസാദ് ശങ്കറെ വിശേഷിപ്പിച്ചത് ത്രീ ഡൈമന്‍ഷണല്‍ കളിക്കാരന്‍ എന്നായിരുന്നു. ബാറ്റ് ചെയ്യാനും ബൗള്‍ ചെയ്യാനും ഫീല്‍ഡ് ചെയ്യാനും കഴിയുന്ന കളിക്കാരന്‍ എന്നായിരുന്നു പ്രസാദ് ഉദ്ദേശിച്ചത്. ഇതിന് പിന്നാലെ റായുഡുവിന്റെ ത്രീ ഡി കണ്ണടകള്‍ ഓര്‍ഡര്‍ ചെയ്ത ട്വീറ്റ് കൂടി വന്നതോടെ ആരാധകര്‍ ഇത് ആഘോഷമാക്കുകയും ചെയ്തു.

എന്നാല്‍ ലോകകപ്പിലെ അരങ്ങേറ്റ മത്സരത്തില്‍ ബാറ്റ് കൊണ്ട് ശരാശരി പ്രകടനം പുറത്തെടുത്ത ശങ്കര്‍ പന്തുകൊണ്ട് തന്റെ ത്രീ ഡി ടാഗിനെ ന്യായീകരിക്കുന്ന പ്രകടനം പുറത്തെടുത്തു. പേശിവലിവിനെത്തുടര്‍ന്ന് ഭുവനേശ്വര്‍കുമാര്‍ ഓവര്‍ പൂര്‍ത്തിയാക്കാതെ മടങ്ങിയപ്പോള്‍ ആ ഓവറിലെ അവസാന രണ്ട് പന്തുകള്‍ എറിയാന്‍ ക്യാപ്റ്റന്‍ വിരാട് കോലി പന്തേല്‍പ്പിച്ചത് വിജയ് ശങ്കറെ. തന്റെ ആദ്യ പന്തില്‍ തന്നെ ഇമാമുള്‍ ഹഖിനെ വിക്കറ്റിന് മുന്നില്‍ കുടുക്കി ശങ്കര്‍ സ്വന്തമാക്കിയതോ അപൂര്‍വ റെക്കോര്‍ഡും.

ലോകകപ്പില്‍ എറിയുന്ന ആദ്യ പന്തില്‍ തന്നെ വിക്കറ്റെടുക്കുന്ന മൂന്നാമത്തെ മാത്രം ബൗളറാണ് ശങ്കര്‍. ബര്‍മുഡയുടെ മലാച്ചി ജോണ്‍സ്, ഓസ്ട്രേലിയയുടെ ഇയാന്‍ ഹാര്‍വെ എന്നിവര്‍ മാത്രമാണ് ലോകകപ്പ് അരങ്ങേറ്റത്തില്‍ ആദ്യ പന്തില്‍ തന്നെ വിക്കറ്റെടുത്ത മറ്റ് രണ്ടുപേര്‍. പാക് ക്യാപ്റ്റന്‍ സര്‍ഫ്രാസ് അഹമ്മദിന്റെയും വിക്കറ്റെടുത്ത വിജയ് ശങ്കര്‍ 5.2 ഓവറില്‍ 22 റണ്‍സ് വഴങ്ങിയാണ് രണ്ട് വിക്കറ്റെടുത്തത്. ബാറ്റിംഗിനിറങ്ങിയപ്പോള്‍ 15 പന്തില്‍ 15 റണ്‍സെടുത്ത് ശങ്കര്‍ പുറത്താകാതെ നിന്നിരുന്നു.