കാര്‍ഡിഫ്: ഇത്തവണത്തെ ലോകകപ്പിൽ ആദ്യവിജയം കുറിച്ച് ദക്ഷിണാഫ്രിക്ക. ദുർബലരായ അഫ്ഗാനിസ്ഥാനെതിരെ വ്യക്തമായ ആധിപത്യത്തോടെ കളിച്ച ദക്ഷിണാഫ്രിക്ക ഒൻപത് വിക്കറ്റിന്റെ മിന്നുന്ന വിജയമാണ് സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാൻ കുറിച്ച 125 റൺസ് വിജയലക്ഷ്യം 28.4 ഓവറിൽ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ദക്ഷിണാഫ്രിക്ക മറികടന്നു.

ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ഓപ്പണർമാർ മികച്ച കൂട്ടുകെട്ടാണ് ഉണ്ടാക്കിയത്. ഡികോക്ക് 68 റൺസെടുത്ത് പുറത്തായപ്പോൾ അംല 41 റൺസ് നേടി പുറത്താകാതെ നിന്നു. 17 റൺസ് നേടി ഹസ്രത്തുള്ള സസൈയാണ് അംലയ്ക്ക് കരുത്തായി. ആദ്യം പ്രതിരോധിച്ച് നില്‍ക്കുമെന്ന് കരുതിയ അഫ്ഗാന്‍ വീര്യം ദക്ഷിണാഫ്രിക്കന്‍ ബോളിങിന് മുന്നില്‍ നിഷ്ഭ്രമമായപ്പോള്‍ 34.1 ഓവറില്‍ ഏഷ്യന്‍ പട 125 റണ്‍സിന് ഓള്‍ഔട്ടായി.

മഴമൂലം 48 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ഇമ്രാന്‍ താഹിറിന്‍റെ നാലു വിക്കറ്റ് പ്രകടനമാണ് അഫ്ഗാന്‍റെ നടുവൊടിച്ചത്. മൂന്ന് വിക്കറ്റുകള്‍ ക്രിസ് മോറിസ് പേരിലെഴുതിയപ്പോള്‍ രണ്ട് വിക്കറ്റുകളുമായി ഫെലുക്കാവോയും ഒരു വിക്കറ്റുമായി കഗിസോ റബാദയും പട്ടികയില്‍ ഇടംനേടി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ അഫ്ഗാനിസ്ഥാന് ഭേദപ്പെട്ട തുടക്കമാണ് ലഭിച്ചത്. ഹസ്രത്തുളാഹ് സസായിയും (22) നൂര്‍ അലി സദ്രാനും (32) സസൂക്ഷ്മം ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാരെ നേരിട്ടു. എന്നാല്‍, ഇരുവര്‍ക്കും പിന്നാലെ വന്നവര്‍ എല്ലാം താഹിറിന്‍റെയും സംഘത്തിന്‍റെയും മുന്നില്‍ തകര്‍ന്നു വീണു.

അവസാനം 25 പന്തില്‍ 35 റണ്‍സുമായി മിന്നിയ റാഷിദ് ഖാന്‍റെ പ്രകടനം കൂടെയില്ലായിരുന്നുവെങ്കില്‍ ഇതിലും ദയനീയമായ സ്ഥിതിയിലാകുമായിരുന്നു അഫ്ഗാന്‍.