Asianet News MalayalamAsianet News Malayalam

'മഴയ്‍ക്കൊപ്പം ഒന്നാം സ്ഥാനം പിടിച്ച് ഓസ്ട്രേലിയ'; പോയിന്‍റ് നില ഇങ്ങനെ

നാലു മത്സരങ്ങളില്‍ നിന്ന് ഏഴ് പോയിന്‍റുള്ള ന്യുസിലന്‍ഡാണ് രണ്ടാം സ്ഥാനത്ത്. കളിച്ച മൂന്ന് മത്സരങ്ങളും കിവീസ് വിജയിച്ചപ്പോള്‍ ഇന്ത്യക്കെതിരെയുള്ള പോരാട്ടം മഴമൂലം ഉപേക്ഷിച്ചു. നാലില്‍ മൂന്ന് വിജയവും ആറ് പോയിന്‍റുകളുമായി ആതിഥേയരായ ഇംഗ്ലണ്ടാണ് മൂന്നാം സ്ഥാനത്ത്

icc world cup point table after 20 matches
Author
The Oval, First Published Jun 15, 2019, 11:23 PM IST

ഓവല്‍: ലോകകപ്പില്‍ സെമി ലക്ഷ്യമാക്കിയുള്ള ഓസ്ട്രേലിയയുടെ കുതിപ്പ് തുടരുന്നു. ആകെ 48ല്‍ 20 മത്സരങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ എട്ട് പോയിന്‍റുകളുമായി ഒന്നാം സ്ഥാനത്താണ് കങ്കാരുപ്പട. അഞ്ച് മത്സരങ്ങളില്‍ നാലു വിജയങ്ങളാണ് ആരോണ്‍ ഫിഞ്ചും സംഘവും നേടിയത്. ഇന്ത്യക്കെതിരെയാണ് ഏക പരാജയം.

നാലു മത്സരങ്ങളില്‍ നിന്ന് ഏഴ് പോയിന്‍റുള്ള ന്യുസിലന്‍ഡാണ് രണ്ടാം സ്ഥാനത്ത്. കളിച്ച മൂന്ന് മത്സരങ്ങളും കിവീസ് വിജയിച്ചപ്പോള്‍ ഇന്ത്യക്കെതിരെയുള്ള പോരാട്ടം മഴമൂലം ഉപേക്ഷിച്ചു. നാലില്‍ മൂന്ന് വിജയവും ആറ് പോയിന്‍റുകളുമായി ആതിഥേയരായ ഇംഗ്ലണ്ടാണ് മൂന്നാം സ്ഥാനത്ത്. പാക്കിസ്ഥാനെതിരെയായിരുന്നു ഇംഗ്ലണ്ടിന്‍റെ ഏക പരാജയം.

മൂന്ന് മത്സരങ്ങളില്‍ നിന്ന് അഞ്ച് പോയിന്‍റുള്ള ഇന്ത്യ നാലാം സ്ഥാനത്താണ്. കളിച്ച രണ്ട് മത്സരങ്ങളും ഇന്ത്യ വിജയം നേടിയപ്പോള്‍ കിവീസിനെതിരായ മത്സരം മഴ കൊണ്ടു പോയി. ശ്രീലങ്ക, വെസ്റ്റ് ഇന്‍ഡീസ്, ബംഗ്ലാദേശ്, പാക്കിസ്ഥാന്‍, ദക്ഷിണാഫ്രിക്ക, അഫ്ഗാനിസ്ഥാന്‍ എന്നിങ്ങനെയാണ് യഥാക്രമം മറ്റുടീമുകളുടെ സ്ഥാനങ്ങള്‍.

മഴ മൂലം ഒരു പന്ത് പോലും എറിയാതെ ലോകകപ്പിലെ നാല് മത്സരങ്ങളാണ് ഉപേക്ഷിച്ചത്. ഇന്ത്യ- ന്യൂസിലന്‍ഡ് പോരിന് പുറമെ,  പാക്കിസ്ഥാന്‍- ശ്രീലങ്ക, ദക്ഷിണാഫ്രിക്ക- വെസ്റ്റ് ഇന്‍ഡീസ്, ശ്രീലങ്ക- ബംഗ്ലാദേശ് എന്നീ മത്സരങ്ങളും ഉപേക്ഷിച്ചിരുന്നു. മഴ താറുമാറാക്കിയ ലോകകപ്പ് ഉപേക്ഷിച്ച മത്സരങ്ങളുടെ എണ്ണംകൊണ്ട് ഇതിനകം റെക്കോര്‍ഡിടുകയാണ് ഇംഗ്ലണ്ട്.

നാല് മത്സരങ്ങള്‍ കൊണ്ട് പോയ മഴ പോയിന്‍റ് കണക്കാക്കിയാല്‍ എട്ട് പോയിന്‍റുകളുമായി ഒന്നാം സ്ഥാനത്ത് ഓസീസിനൊപ്പം എത്തുമായിരുന്നുവെന്നാണ് വിമര്‍ശനങ്ങള്‍. 

Follow Us:
Download App:
  • android
  • ios