ലണ്ടന്‍: ലോകകപ്പില്‍  സെമി ഉറപ്പിക്കാന്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ ഇറങ്ങുമ്പോള്‍ ആരാധകര്‍ ആകാംക്ഷയോടെ ഉറ്റുനോക്കുന്നത് ബാറ്റിംഗ് ഓര്‍ഡറില്‍ നാലാം നമ്പറില്‍ വിജയ് ശങ്കര്‍ തന്നെ തുടരുമോ എന്നതാണ്. നാലാം നമ്പറില്‍ ഋഷഭ് പന്തിന് അവസരം നല്‍കണമെന്ന ആവശ്യം ശക്തമാണെങ്കിലും ശങ്കറിനെ പിന്തുണച്ച് ക്യാപ്റ്റന്‍ വിരാട് കോലി രംഗത്തെത്തി. ഇന്ത്യക്കായി നിര്‍ണായക ഇന്നിംഗ്സ് കളിക്കുന്നതിന്റെ വക്കത്താണ് ശങ്കറെന്ന് വാര്‍ത്താസമ്മേളനത്തില്‍ കോലി പറഞ്ഞു.

ശങ്കറിന്റെ പ്രകടനത്തെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴായിരുന്നു കോലിയുടെ പ്രതികരണം. ശങ്കറിനെതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍ വിചിത്രമാണെന്ന് കോലി പറഞ്ഞു. പാക്കിസ്ഥാനെതിരെ ശങ്കര്‍ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. അഫ്ഗാനെതിരെ സ്ലോ പിച്ചില്‍ ഷോട്ട് സെലക്ഷനാണ് ശങ്കറിനെ ചതിച്ചത്. ഇക്കാര്യത്തെക്കുറിച്ച് ശങ്കറിനോട് സംസാരിച്ചിരുന്നു. കഴിഞ്ഞ മത്സരത്തില്‍ കെമര്‍ റോച്ചിന്റെ മികച്ചൊരു പന്തിലാണ് ശങ്കര്‍ പുറത്തായത്. ഓരോ കുറവുകളും എടുത്തു പറഞ്ഞ് കളിക്കാരെ വിമര്‍ശിക്കാനാവില്ല.

എന്റെ വ്യക്തിപരമായ അഭിപ്രായത്തില്‍ ശങ്കര്‍ മികച്ച പ്രകടനം തന്നെയാണ് പുറത്തെടുക്കുന്നത്. ക്രിക്കറ്റില്‍ ചിലപ്പോള്‍ ഭാഗ്യം വലിയ ഘടകമാണ്. 30 റണ്‍സില്‍ നില്‍ക്കുന്ന ബാറ്റ്സ്മാന് 60 റണ്‍സടിച്ച് ടീമിനായി നിര്‍ണായക ഇന്നിംഗ്സ് കളിക്കണമെങ്കില്‍ ചിലപ്പോള്‍ ഭാഗ്യം കൂടി വേണ്ടിവരും. ശങ്കര്‍ അത്തരമൊരു നിര്‍ണായക ഇന്നിംഗ്സ് കളിക്കുന്നതിന് തൊട്ടടുത്താണെന്നാണ് എനിക്കും ടീമിനും തോന്നുന്നത്. ശങ്കര്‍ അത്തരമൊരു ഇന്നിംഗ്സ് വൈകാതെ കളിക്കുമെന്ന് ഞങ്ങള്‍ക്കെല്ലാം വിശ്വാസമുണ്ട്-കോലി പറഞ്ഞു.

കോലിയുടെ നിലപാട് ഋഷഭ് പന്തിന് ഇംഗ്ലണ്ടിനെതിരെയും അവസരം ലഭിക്കില്ലെന്നതിന്റെ വ്യക്തമായ സൂചനയായാണ് ആരാധകര്‍ കാണുന്നത്. നാലാം നമ്പറില്‍ ഇംഗ്ലണ്ടിനെതിരെയും വിജയ് ശങ്കര്‍ തന്നെ ഇറങ്ങാനാണ് സാധ്യത. അതേസമയം ആറാം നമ്പറില്‍ കേദാര്‍ ജാദവിന് പകരം ദിനേശ് കാര്‍ത്തിക്കിനെ കളിപ്പിക്കുന്നതിനെക്കുറിച്ച് ടീം മാനേജ്മെന്റ് ആലോചിക്കുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.