ലണ്ടന്‍:  ഏകദിന ക്രിക്കറ്റിലെ പുതിയ വിശ്വ ചാമ്പ്യന്മാര്‍ ആരെന്നറിയാന്‍ മണിക്കൂറുകളുടെ കാത്തിരിപ്പ് മാത്രം. ആദ്യ കിരീടം ലക്ഷ്യമിട്ടാണ് ഇംഗ്ലണ്ടും ന്യൂസിലന്‍ഡും ലോര്‍ഡ്സില്‍ ഇറങ്ങുന്നത്. മുമ്പ് മൂന്ന് തവണ ഫൈനല്‍ കളിച്ച ഇംഗ്ലണ്ടും തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിനിറങ്ങുന്ന കിവികളും പോരടിക്കുമ്പോള്‍ ആവേശം അലയടിച്ചുയരുമെന്നുറപ്പ്.

ഇന്ത്യയുടെ സ്വപ്നങ്ങള്‍ എറിഞ്ഞിട്ടാണ് ന്യൂസിലന്‍ഡിന്‍റെ വരവ്. നിലവിലെ ചാമ്പ്യന്‍മാരായ ഓസ്‌ട്രേലിയയെ മുട്ടുകുത്തിച്ചാണ് ഇംഗ്ലീഷ് പട കിരീടത്തില്‍ കണ്ണു വച്ചത്. ഇംഗ്ലണ്ടും ന്യൂസിലന്‍ഡും പരസ്പരം ഏറ്റുമുട്ടുമ്പോള്‍ കളത്തില്‍ തീപാറുമെന്ന് ഉറപ്പാണ്. ക്രിക്കറ്റില്‍ വല്ലപ്പോഴും നടത്തുന്ന പ്രതിഭാസമാണ് മത്സരം സമനിലയിലാകുന്നത്.

എന്നാല്‍, നിര്‍ണായക മത്സരങ്ങളുടെ സമ്മര്‍ദത്തില്‍ അവസാന പന്തില്‍ പോരാട്ടം സമനിലയായാല്‍ എന്ത് സംഭവിക്കും. ഐസിസിയുടെ നിബന്ധന അനുസരിച്ച് മത്സരം സമനിലയായാല്‍ സൂപ്പര്‍ ഓവര്‍ നടത്തിയാകും വിജയിയെ തിരുമാനിക്കുക. ട്വന്‍റി 20 ലോകകപ്പില്‍ അടക്കം ഉപയോഗിച്ചത് പോലെ ബൗള്‍-ഔട്ടിന് വേണ്ടി ചിലര്‍ വാദിച്ചിരുന്നു. എന്നാല്‍, ബാറ്റിംഗും ബൗളിംഗും ഒരുപോലെ പരീക്ഷിക്കപ്പെടുന്ന സൂപ്പര്‍ ഓവര്‍ നടത്താനാണ് ഐസിസി തീരുമാനിച്ചത്.