മാഞ്ചസ്റ്റര്‍:  ലോകകപ്പിലെ ഏറ്റവും ഗ്ലാമറസ് പോരാട്ടത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍. ഇന്ത്യ പാക്കിസ്ഥാനെ നേരിടുമ്പോള്‍ വിജയത്തില്‍ കുറഞ്ഞ ചിന്തയൊന്നും കോലിപ്പടയുടെ മനസില്‍ ഇല്ല. ചരിത്രവും പാക്കിസ്ഥാന് എതിരാണ്. ലോകകപ്പില്‍ ഇതുവരെ ഇന്ത്യയെ തോല്‍പ്പിക്കാന്‍ പാക്കിസ്ഥാന് സാധിച്ചിട്ടില്ല.

ഒപ്പം ഇരു ടീമുകളും അവസാനമായി ഏറ്റുമുട്ടിയ അഞ്ച് മത്സരങ്ങളില്‍ നാലിലും ഇന്ത്യ പാക് പടയെ മുക്കി കളഞ്ഞു. ഏറ്റവും ഒടുവില്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ ഏറ്റുമുട്ടിയത് 2018 ഏഷ്യാ കപ്പിലാണ്. അന്ന് 237 റണ്‍സില്‍ പാക് പടയെ ഒതുക്കിയ ഇന്ത്യ ഒരു വിക്കറ്റ് മാത്രം നഷ്ടമാക്കി ലക്ഷ്യത്തിലെത്തി.

അന്ന് രോഹിത്തും ധവാനും സെഞ്ചുറി നേടി. ഏഷ്യാ കപ്പിന്‍റെ ഗ്രൂപ്പ് ഘട്ടത്തിലും ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടി. അന്ന് 162 റണ്‍സില്‍ പാക്കിസ്ഥാന്‍റെ പോരാട്ടം അവസാനിച്ചു. രോഹിത്തിന്‍റെ അര്‍ധ സെഞ്ചുറിയുടെ കരുത്തില്‍ അനായാസം ഇന്ത്യ ലക്ഷ്യത്തിലെത്തി.

അതിന് മുമ്പ് ചാമ്പ്യന്‍സ് ട്രോഫി ഗ്രൂപ്പ് ഘട്ടത്തിലും കഴിഞ്ഞ ലോകകപ്പിലും പരസ്പരം കൊമ്പുകോര്‍ത്തപ്പോഴും വിജയം കോലിപ്പടയ്ക്ക് ഒപ്പം നിന്നു. ഇതിനിടെ ചാമ്പ്യന്‍സ് ട്രോഫിയുടെ കലാശ പോരാട്ടത്തില്‍ മാത്രമാണ് പാക്കിസ്ഥാന് മുന്നില്‍ ഇന്ത്യ അടിപതറിയത്.