നാല് ഫോറുകള്‍ നേടിയപ്പോള്‍ ഒരു സിക്‌സ് പോലും 33 പന്ത് നേരിട്ട ധോണിയുടെ ഇന്നിംഗ്‌സിലുണ്ടായില്ല.
ബര്‍മിംഗ്‌ഹാം: ലോകകപ്പില്‍ സ്‌കോറിംഗ് വേഗക്കുറവിന്‍റെ പേരില്‍ എം എസ് ധോണിക്കെതിരെ ആരാധകര്‍ വീണ്ടും രംഗത്ത്. ബംഗ്ലാദേശിനെതിരെ 33 പന്തില്‍ 35 റണ്‍സെടുത്ത് പുറത്തായതിന് പിന്നാലെയാണ് ആരാധകര്‍ ആരോപണങ്ങളുമായി എത്തിയത്. ആറാമനായി 39-ാം ഓവറില്‍ ക്രീസിലെത്തിയ ധോണി അവസാന ഓവറില്‍ പുറത്തായി.
നാല് ഫോറുകള്‍ നേടിയപ്പോള്‍ ഒരു സിക്‌സ് പോലും ധോണിയുടെ ഇന്നിംഗ്‌സിലുണ്ടായില്ല. ധോണി ക്രീസിലുണ്ടായിട്ടും അവസാന 10 ഓവറുകളില്‍ 63 റണ്‍സാണ് ഇന്ത്യ നേടിയത്. കഴിഞ്ഞ മത്സരത്തിലെ പോലെ സിംഗിളുകളെടുത്താണ് ധോണി ഇന്നിംഗ്‌സ് മുന്നോട്ടുനയിച്ചത്. ഇതോടെ ധോണിക്കെതിരെ പരസ്യമായി സോഷ്യല്‍ മീഡിയയില്‍ ഒരു വിഭാഗം ആരാധകര്‍ രംഗത്തെത്തുകയായിരുന്നു.
ഈ ലോകകപ്പില്‍ ഡെത്ത് ഓവറുകളിലെ മെല്ലെപ്പോക്കിന് ധോണിക്കെതിരെ നേരത്തെയും വിമര്‍ശനം ഉയര്‍ന്നിരുന്നു. കഴിഞ്ഞ മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ 31 റണ്‍സിന് പരാജയപ്പെട്ടപ്പോള്‍ ധോണി 42 പന്തില്‍ 31 റണ്‍സുമായി പുറത്താകാതെ നില്‍പ്പുണ്ടായിരുന്നു. അവസാന ഓവറുകളില്‍ സിംഗിളുകള്‍ കൈമാറി കളിച്ച ധോണിയെ വിമര്‍ശിച്ച് സൗരവ് ഗാംഗുലി രംഗത്തെത്തിയത് ചര്‍ച്ചയായിരുന്നു.
