ബിര്‍മിംഗ്ഹാം: ഇംഗ്ലണ്ടുമായുള്ള ലോകകപ്പ് പോരാട്ടത്തിനായി ബിര്‍മിംഗ്ഹാമില്‍ എത്തിയ ഇന്ത്യന്‍ ടീമിന് പ്രശ്നമായി സ്വന്തം ആരാധകര്‍. ബിര്‍മിംഗ്ഹാമിലെ ഹയാത്ത് റീജന്‍സി ഹോട്ടലില്‍ താമസിക്കുന്ന ഇന്ത്യന്‍ ടീം അംഗങ്ങളുടെ സ്വകാര്യതയെ ഹനിക്കുന്ന കാര്യങ്ങള്‍ ചെയ്തതിന് മൂന്ന് ഇന്ത്യന്‍ ആരാധകര്‍ക്ക് ഔദ്യോഗികമായ മുന്നറിയിപ്പ് ലഭിച്ചു.

ഹോട്ടല്‍ അധികൃതര്‍ക്ക് ഇന്ത്യന്‍ ടീം മാനേജ്മെന്‍റ് പരാതി നല്‍കിയതോടെയാണ് കാര്യങ്ങള്‍ വഷളായത്. അനുവാദം കൂടാതെ കുടുംബാംഗങ്ങളുടെ അടക്കം ചിത്രങ്ങള്‍ പകര്‍ത്തിയവര്‍ക്കെതിരെയാണ് ഇന്ത്യന്‍ ടീം പരാതി നല്‍കിയതെന്ന് ദി ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തു.

വെള്ളിയാഴ്ച വെെകുന്നേരമായിരുന്നു സംഭവം. ഇന്ത്യന്‍ ടീം താമസിക്കുന്ന അതേ ഹോട്ടലില്‍ മുറിയെടുത്തവരാണ് പ്രശ്നങ്ങള്‍ ഉണ്ടാക്കിയത്. തുടര്‍ന്ന് ഇനിയും പ്രശ്നങ്ങള്‍ സൃഷ്ടിച്ചാല്‍ മുറി ഒഴിഞ്ഞ് കൊടുക്കേണ്ടി വരുമെന്ന് ഹോട്ടല്‍ അധികൃതര്‍ക്ക് ഇവര്‍ക്ക് മുന്നറിയിപ്പ് നല്‍കി.