മാഞ്ചസ്റ്റര്‍: ലോകകപ്പിലെ ആദ്യ സെമി പോരാട്ടം മഴ മൂലം റിസര്‍വ് ദിനത്തിലേക്ക് മാറ്റി. ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള മത്സരം മുറുകുന്നതിനിടെയാണ് രസംകൊല്ലിയായി മഴ എത്തിയത്. ഇന്ത്യക്കെതിരെ ടോസ് നേടി ആദ്യ ബാറ്റ് ചെയ്യുന്ന ന്യൂസിലന്‍ഡ് 46.1 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 211 റണ്‍സ് എടുത്ത് നില്‍ക്കുന്ന സമയത്താണ് മഴ എത്തിയത്.

ഇതുമൂലം മണിക്കൂറുകളായി കളി തടസപ്പെട്ടിരുന്നു. ഏതെങ്കിലും തരത്തില്‍ മത്സരം തുടരാനുള്ള എല്ലാ ശ്രമങ്ങളും നടത്തി നോക്കിയെങ്കിലും ഇടവിട്ട് മഴ എത്തിയതോടെ ഇന്നത്തെ കളി ഉപേക്ഷിക്കാന്‍ തീരുമാനം എടുക്കുകയായിരുന്നു. മഴ കളി മുടക്കിയാല്‍ സെമി ഫൈനല്‍, ഫൈനല്‍ പോരാട്ടങ്ങള്‍ക്ക് റിസര്‍വ് ദിവസങ്ങളുളളതിനാല്‍ തൊട്ടടുത്ത ദിവസം മത്സരം നടത്തുമെന്ന് ഐസിസി നേരത്തെ വ്യക്തമാക്കിയിരുന്നു.

എന്നാല്‍ റിസര്‍വ് ദിനവും മഴ വില്ലനായാല്‍ ഗ്രൂപ്പ് ഘട്ടത്തില്‍ പോയിന്റ് നിലയില്‍ മുന്നിലെത്തിയ ടീമാകും ഫൈനലിലെത്തുക. ഗ്രൂപ്പ് ഘട്ടത്തില്‍ ആദ്യ രണ്ട് സ്ഥാനങ്ങളിലെത്തിയത് ഇന്ത്യയും ഓസ്ട്രേലിയയും ആണെന്നതിനാല്‍ മഴ കാരണം സെമി ഫൈനല്‍ മത്സരങ്ങള്‍ പൂര്‍ണമായും ഉപേക്ഷിക്കുകയോ പൂര്‍ത്തിക്കായാന്‍ കഴിയാതിരിക്കുകയോ വന്നാലും ഇന്ത്യയും ഓസ്ട്രേലിയയും ഫൈനല്‍ കളിക്കുമെന്ന് ചുരുക്കം.

മഴനിയമ പ്രകാരം വിജയലക്ഷ്യം നിശ്ചിയിക്കുന്നതിനേക്കാള്‍ നാളെ മത്സരം പുനരാരംഭിക്കുന്നത് തന്നെയാണ് ഇന്ത്യയെ സന്തോഷിപ്പിക്കുന്നത്. നാളെ ഇപ്പോള്‍ നിര്‍ത്തിയ അതേ അവസ്ഥയില്‍ തന്നെ കളി തുടങ്ങും. അതായത് ഇനി 23 പന്തുകള്‍ കൂടെ കിവീസ് ഇന്നിംഗ്സില്‍ അവശേഷിക്കുന്നുണ്ട്.