മാഞ്ചസ്റ്റര്‍:  ലോകകപ്പില്‍ മഴ കാരണം നിര്‍ത്തിവച്ച ഇന്ത്യ-ന്യൂസിലന്‍ഡ് സെമി ഇന്ന് പുനരാരംഭിക്കും.46.1 ഓവറില്‍ , 5 വിക്കറ്റിന് 211 റൺസ് എന്ന
നിലയിലാകും ഇന്ന് ഇന്നിംഗ്സ് തുടങ്ങുന്നത് അതേസമയം ഇന്നും മഴ പെയ്യുമെന്നാണ് കാലാവസ്ഥാപ്രവചനം.

മാഞ്ചസ്റ്ററിൽ ഇന്നലെ ജയിച്ചത് മഴ. പെയ്തും തോർന്നും വീണ്ടും പെയ്തും മഴ നന്നായി കളിച്ചു. ഒടുവിൽ അമ്പയര്‍മാര്‍ തീരുമാനിച്ചു. ബാക്കി ഇന്നു കളിക്കാം.
മത്സരത്തിന്‍റെ ബാക്കി റിസർവ് ദിനമായ ഇന്ന് പൂർത്തിയാക്കും. ഓവറുകൾ വെട്ടിച്ചുരുക്കി, ഇന്നലത്തന്നെ മത്സരം തീർക്കാനുള്ള ശ്രമം തോരാ മഴയിൽ ഒലിച്ചു പോയി. വെട്ടിച്ചുരിക്കയാണെങ്കിൽ 20 ഓവറെങ്കിലും ഇന്ത്യക്ക് ബാറ്റു ചെയ്യാനുള്ള സാഹചര്യം ഉറപ്പായാൽ മാത്രമേ കളി വീണ്ടും തുടങ്ങാനാകുമായിരുന്നുള്ളൂ.

ടോസ് നേടി ആദ്യം ബാറ്റു ചെയ്ത് കീവീസ് 46.1 ഓവറിൽ അഞ്ചു വിക്കറ്റിന് 211 റൺസിലെത്തിയപ്പോഴാണ് മഴ രസം കൊല്ലിയായത്. ന്യൂസിലൻഡ് ഇന്നിംഗ്സിൽ ഇനി 23 പന്തുകൾ ബാക്കിയുണ്ട്. അത് ഇന്ന് പൂർത്തിയാക്കും. 47ആം ഓവറിലെ ആദ്യ പന്ത് എറിഞ്ഞ ഭുവനേശ്വർ കുമാറാണ് പന്തെടുക്കുക.
കളി തടസ്സപ്പെടുമ്പോള്‍ 67 റൺസുമായി റോസ് ടെയ്‍ലറും, മൂന്ന് റൺസുമായി ടോം ലാഥമായിരുന്നു ക്രീസിൽ ഇരുവരും ഇന്ന് ബാറ്റിംഗ് തുടരും.

ബാക്കിയുള്ള നാല് ഓവറുകൾ ബുംറയും ഭുവനേശ്വർ കുമാറും ചേർന്ന് പൂർത്തിയാക്കും. തുടക്കത്തിൽ പതറിയ ന്യുസീലൻഡിനായി നായകൻ കെയിൻ വില്യംസാണ് ഭേദപ്പെട്ട സ്കോറിന് അടിത്തറയിട്ടത്.