മാഞ്ചസ്റ്റര്‍: മഴ മൂലം ഒരു പന്ത് പോലും എറിയാതെ ലോകകപ്പിലെ നാല് മത്സരങ്ങളാണ് ഉപേക്ഷിച്ചത്. ഇന്ത്യ- ന്യൂസിലന്‍ഡ് പോരിന് പുറമെ,  പാക്കിസ്ഥാന്‍- ശ്രീലങ്ക, ദക്ഷിണാഫ്രിക്ക- വെസ്റ്റ് ഇന്‍ഡീസ്, ശ്രീലങ്ക- ബംഗ്ലാദേശ് എന്നീ മത്സരങ്ങളും ഉപേക്ഷിക്കേണ്ടി വന്നു.

മഴ താറുമാറാക്കിയ ലോകകപ്പ് ഉപേക്ഷിച്ച മത്സരങ്ങളുടെ എണ്ണംകൊണ്ട് ഇതിനകം റെക്കോര്‍ഡിടുകയാണ് ഇംഗ്ലണ്ട്. നാല് മത്സരങ്ങള്‍ കൊണ്ട് പോയ മഴ പോയിന്‍റ് കണക്കാക്കിയാല്‍ എട്ട് പോയിന്‍റുകളുമായി ഒന്നാം സ്ഥാനത്ത് ഓസീസിനൊപ്പം എത്തുമായിരുന്നുവെന്നാണ് വിമര്‍ശനങ്ങള്‍.

എന്നാല്‍, ക്രിക്കറ്റ് പ്രേമികള്‍ ഒന്നടങ്കം പ്രാര്‍ത്ഥനയിലാണ്. ലോകകപ്പില്‍ ഏറ്റവും അധികം കാത്തിരുന്ന ഇന്ത്യ-പാക്കിസ്ഥാന്‍ പോരാട്ടത്തിന് മഴ വില്ലനാകരുതേ എന്നാണ് പ്രാര്‍ത്ഥന. മാഞ്ചസ്റ്ററിൽ ഇന്ത്യന്‍ സമയം വൈകീട്ട് മൂന്ന് മണിക്കാണ് മത്സരം. ദക്ഷിണാഫ്രിക്കയെയും ഓസ്ട്രേലിയയെയും തോല്‍പ്പിച്ചാണ് കോലിപ്പട മാഞ്ചസ്റ്ററിലേക്കെത്തുന്നത്.

മൂന്ന് മത്സരങ്ങള്‍ കളിച്ച ഇന്ത്യയുടെ ന്യുസീലന്‍ഡിനെതിരായ പോര് മഴ കാരണം ഉപേക്ഷിച്ചിരുന്നു. അഞ്ച് പോയിന്‍റുള്ള ഇന്ത്യ നാലാമതും നാല് കളിയിൽ മൂന്ന് പോയിന്‍റുള്ള പാകിസ്ഥാന്‍ നിലവില്‍ ഒന്‍പതാം സ്ഥാനത്തുമാണ്. മാഞ്ചസ്റ്റില്‍ നിന്ന് ലഭിക്കുന്ന കാലാവസ്ഥ റിപ്പോര്‍ട്ട് അനുസരിച്ച് ഇന്ന് മഴ പെയ്യാനുള്ള സാധ്യതകള്‍ ഉണ്ട്. മത്സരത്തിന്‍റെ മുഴുവന്‍ സമയത്തും മൂടിക്കെട്ടിയ അന്തരീക്ഷമാകും.

ഒപ്പം ചെറിയ തോതില്‍ ഇടയ്ക്കിടെ മഴ കളി തടസപ്പെടുത്താനും സാധ്യതയുണ്ട്. ഇംഗ്ലണ്ടിലെ സമയം രാവിലെ 10.30നാണ് മത്സരം തുടങ്ങുന്നത്. ഉച്ചയോടെയും വെെകുന്നേര സമയത്തും കനത്ത മഴയ്ക്കുള്ള സാധ്യതയുണ്ടെന്നുമാണ് കാലാവസ്ഥ റിപ്പോര്‍ട്ട്. ഇതോടെ മഴ നിയമവും പഠിച്ച ശേഷമാകും ഇരുടീമുകളും തന്ത്രങ്ങള്‍ മെനയുക.