മാഞ്ചസ്റ്റര്‍: ലോകകപ്പിലെ അഭിമാന പോരാട്ടത്തില്‍ പാക്കിസ്ഥാനെ നേരിടുന്ന ഇന്ത്യയുടെ വജ്രായുധം ഓള്‍റൗണ്ടര്‍ വിജയ് ശങ്കറാണ്. ഈ ലോകകപ്പിലെ ഏറ്റവും ആവേശം നിറഞ്ഞ മത്സരത്തില്‍ നിര്‍ണായക നാലാം നമ്പറില്‍ വിജയ്‌ക്ക് ടീം ഇന്ത്യ അവസരം നല്‍കുകയായിരുന്നു. ടോസ് വേളയില്‍ വിജയ് ശങ്കറെ കുറിച്ച് നായകന്‍ വിരാട് കോലി പറഞ്ഞ വാക്കുകള്‍ ഇന്ത്യയുടെ ഗെയിം പ്ലാന്‍ വ്യക്തമാക്കുന്നു.

'3ഡി' പരാമര്‍ശത്തെ പിന്തുണയ്‌ക്കുന്ന രീതിയിലാണ് കോലി ടോസ് വേളയില്‍ സംസാരിച്ചത്. വിജയ് ശങ്കര്‍ മികച്ച ബാറ്റ്സ്‌മാനും ഫീല്‍ഡറുമാണ്, കുറച്ച് ഓവറുകളും എറിയാനാകും എന്നാണ് കോലിയുടെ വാക്കുകള്‍. ഓപ്പണര്‍ ശിഖര്‍ ധവാന് വിരലിന് പരിക്കേറ്റതോടെ നാലാം നമ്പറില്‍ കളിച്ചിരുന്ന കെ എല്‍ രാഹുല്‍ പകരക്കാരനായി എത്തി. ഇതോടെയാണ് ടീം ഇന്ത്യ വിജയ് ശങ്കറിന് നാലാം നമ്പറില്‍ അവസരം നല്‍കിയത്. 

മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡില്‍ ആവേശപ്പോരില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യയാണ് ആദ്യം ബാറ്റ് ചെയ്യുന്നത്. ടോസ് നേടിയ പാക്കിസ്ഥാന്‍ നായകന്‍ സര്‍ഫ്രാസ് ബൗളിംഗ് തെര‍ഞ്ഞെടുക്കുകയായിരുന്നു. ലോകകപ്പില്‍ ഇതുവരെയുണ്ടായ ആറു പോരാട്ടങ്ങളിലും ഇന്ത്യയാണ് ജയിച്ചത്. ഈ ലോകവേദിയിൽ ചിരവൈരികള്‍ ആദ്യമായാണ് മുഖാമുഖം വരുന്നത്. മഴ ഭീഷണിയുടെ പശ്‌ചാത്തലത്തിലാണ് മത്സരം നടക്കുന്നത്.