കറാച്ചി: ലോകകപ്പ് ക്രിക്കറ്റില്‍ സെമി ഫൈനല്‍ സാധ്യത നിലനിര്‍ത്താന്‍ പാക്കിസ്ഥാന് ഇനിയുള്ള മത്സരങ്ങളിലെ വിജയങ്ങള്‍ക്ക് പുറമെ മറ്റ് ടീമുകളുടെ മത്സരഫലം കൂടി ആശ്രയിക്കണം. ഈ ഘട്ടത്തില്‍ 30ന് നടക്കുന്ന ഇന്ത്യ-ഇംഗ്ലണ്ട് മത്സരം പാക്കിസ്ഥാനെ സംബന്ധിച്ചിടത്തോളവും നിര്‍ണായകമാണ്.

ഇന്ത്യ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചാല്‍ പാക്കിസ്ഥാന്‍റെ സെമി സാധ്യത വര്‍ധിക്കുകയും ചെയ്യും. എന്നാല്‍ പാക്കിസ്ഥാന്‍ സെമി ഫൈനലില്‍ എത്തുന്നത് തടയാനായി ഇന്ത്യ ഇംഗ്ലണ്ടിനോട് മന:പൂര്‍വം തോറ്റുകൊടുക്കുമെന്ന  വിചിത്ര ആരോപണവുമായി മുന്‍ പാക് താരം ബാസിത് അലി രംഗത്തുവന്നിരുന്നു.

ഇതിനെതിരെ വലിയ വിമര്‍ശനങ്ങളും ഉയര്‍ന്നു. പക്ഷേ, വീണ്ടും മറ്റൊരു മുന്‍ പാക് താരമായ സിക്കന്ദര്‍ ബക്ത് മറ്റൊരു വിദ്വേഷ പ്രസ്താവന നടത്തിയിരിക്കുകയാണ്.

ഏകദേശം സെമി സ്ഥാനം ഉറപ്പാക്കി കഴിഞ്ഞ ഇന്ത്യ പാക്കിസ്ഥാനെ പുറത്താക്കാനായി ഇനിയുള്ള കളികള്‍ തോറ്റ് കൊടുക്കുമെന്നാണ് സിക്കന്ദര്‍ പറഞ്ഞത്. ഒരു പാക്കിസ്ഥാന്‍ ചാനലിനോട് സിക്കന്ദര്‍ നടത്തിയ പ്രതികരണം പാക് മാധ്യമ പ്രവര്‍ത്തകനായ സാജ് സാദിഖ് ആണ് ട്വിറ്ററിലൂടെ പങ്കുവെച്ചത്.