ലീഡ്‌സ്: ഓപ്പണര്‍മാരായ രോഹിത് ശര്‍മ്മയും കെ എല്‍ രാഹുലും സെഞ്ചുറി നേടിയപ്പോള്‍ സെമിക്ക് മുന്‍പ് നീലപ്പടയുടെ ആത്മവിശ്വാസം കൂട്ടി തകര്‍പ്പന്‍ ജയം. തങ്ങളുടെ അവസാന ലീഗ് മത്സരത്തില്‍ ശ്രീലങ്കയ്‌ക്ക് എതിരെ ഏഴ് വിക്കറ്റിനാണ് കോലിപ്പട ജയിച്ചത്. ശ്രീലങ്കയുടെ 264 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യ 43.3 ഓവറില്‍ ജയത്തിലെത്തി. ഇതോടെ ടൂര്‍ണമെന്‍റില്‍ നിന്ന് ലങ്കയുടെ മടക്കം നിരാശയോടെയായി.

ടീം ഇന്ത്യയുടെ വിജയത്തില്‍ മുന്‍ താരങ്ങളും ആരാധകരും ആഹ്‌ളാദം പ്രകടിപ്പിച്ചു. രോഹിത് ശര്‍മ്മയെയും കെ എല്‍ രാഹുലിനെയുമാണ് കൂടുതല്‍ പേര്‍ക്കും പ്രശംസിക്കാനുണ്ടായിരുന്നത്. 

ശ്രീലങ്ക ഉയര്‍ത്തിയ 265 റണ്‍ വിജയലക്ഷ്യം മൂന്ന് വിക്കറ്റുകള്‍ മാത്രം നഷ്ടമാക്കി 38 പന്തുകള്‍ ബാക്കിനില്‍ക്കേയാണ് ഇന്ത്യ മറികടന്നത്. 94 പന്തില്‍ 103 റണ്‍സെടുത്ത രോഹിത് ശര്‍മ്മയും 118 പന്തില്‍ 111 റണ്‍സെടുത്ത കെ എല്‍ രാഹുലും ഇന്ത്യയുടെ വിജയശില്‍പികളായി. കോലി 34 റണ്‍സുമായി പുറത്താകാതെ നിന്നു. നേരത്തെ തുടക്കം തകര്‍ന്ന ലങ്ക ഏയ്ഞ്ചലോ മാത്യൂസിന്‍റെ സെഞ്ചുറിയിലും(113) തിരിമന്നെയുടെ അര്‍ദ്ധ സെഞ്ചുറിയിലും(53) ഭേദപ്പെട്ട സ്‌കോറിലെത്തുകയായിരുന്നു.