നോട്ടിംഗ്ഹാം: മത്സരത്തിന് മുമ്പ് കനത്ത തിരിച്ചടിയുമായിട്ടാണ് ഇന്ത്യ ഇന്ന് ന്യൂസിലന്‍ഡിനെ നേരിടുന്നത്. ഓപ്പണര്‍ ശിഖര്‍ ധവാന്റെ പരിക്ക് തന്നെ. ധവാന് പകരം കെ.എല്‍ രാഹുലിനെ ഓപ്പണറാക്കിയാണ് ഇന്ത്യ ഇറങ്ങുക. ഇരു ടീമുകളും തോല്‍വി അറിഞ്ഞിട്ടില്ലെന്നുള്ളത് ഇന്നത്തെ മത്സരത്തിന്റെ പ്രത്യേകത. ന്യൂസിലന്‍ഡ് മൂന്ന് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ ഇന്ത്യ കളിച്ച രണ്ടിലും വിജയിച്ചു.

ധവാന് പകരം മറ്റൊരു താരം വരുന്നതൊഴിച്ചാല്‍ വേറെ മാറ്റങ്ങളൊന്നുമില്ലാതെയാണ് ഇന്ത്യ ഇറങ്ങുക. ഓപ്പണാറായി സ്ഥാനക്കയറ്റം ലഭിക്കുന്ന രാഹുലിന് പകരം നാലാം നമ്പറില്‍ ആരെ കളിപ്പിക്കുമെന്നുള്ളതാണ് ഇന്ത്യയുടെ ആശങ്ക. വിജയ് ശങ്കര്‍, ദിനേശ് കാര്‍ത്തിക് എന്നിവരില്‍ ഒരാള്‍ പ്ലയിങ് ഇലവനിലെത്തിയേക്കും. ഇതില്‍ വിജയ് ശങ്കറിന് തന്നെയാണ് കൂടുതല്‍ സാധ്യത. ശങ്കറിന്റെ ബൗളിങ് കഴിവ് കൂടി ഉപയോഗപ്പെടുത്താമെന്നാണ് ഇന്ത്യയുടെ കണക്കുകൂട്ടല്‍. രണ്ട് മത്സരങ്ങളില്‍ ഒരു വിക്കറ്റ് മാത്രം നേടിയ കുല്‍ദീപ് യാദവ് പുറത്തിരുന്നേക്കും. രവീന്ദ്ര ജഡേജ ടീമില്‍ ഇടം കണ്ടെത്താന്‍ സാധ്യതയേറെയാണ്.  

കിവീസിന്റെ ശക്തമായ പേസ് അറ്റാക്കും ഇന്ത്യയുടെ ലോകോത്തര ബാറ്റിങ് നിരയും തമ്മിലുള്ള പോരാവും നോട്ടിംഗ്ഹാമില്‍ കാണാനാവുക. ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സ്‌കോറായ 481 പിറന്ന വിക്കറ്റാണിത്. ദക്ഷിണാഫ്രിക്ക 83ന് പുറത്തായതും ഇവിടെ തന്നെ. മൂന്ന് മണിക്ക് ആരംഭിക്കുന്ന മത്സരത്തിന് മഴയുടെ ഭീഷണിയുണ്ട്. എന്നാല്‍ മഴ കാരണം മത്സരം പൂര്‍ണമായും ഉപേക്ഷിക്കേണ്ട സാഹചര്യം വരില്ലെന്നാണ് കാലാവസ്ഥ പ്രവചനം. 

ഇന്ത്യയുടെ സാധ്യതാ ടീം ഇങ്ങനെ: രോഹിത് ശര്‍മ, വിരാട് കോലി, (ക്യാപ്റ്റന്‍), വിജയ് ശങ്കര്‍/ദിനേശ് കാര്‍ത്തിക്, എം.എസ് ധോണി, ഹാര്‍ദിക് പാണ്ഡ്യ, കേദാര്‍ ജാദവ്, കുല്‍ദീപ് യാദവ്/രവീന്ദ്ര ജഡേജ, യൂസ്‌വേന്ദ്ര ചാഹല്‍, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബൂമ്ര.