മാഞ്ചസ്റ്റര്‍: രവീന്ദ്ര ജഡേജയുടെ ഒറ്റയാള്‍ പോരാട്ടം പാഴായപ്പോള്‍ ലോകകപ്പിന്‍റെ ആദ്യ സെമിയില്‍ ഇന്ത്യക്കെതിരെ 18 റണ്‍സിന്‍റെ വിജയമാണ് ന്യൂസിലന്‍ഡ് സ്വന്തമാക്കിയത്. തോല്‍വി ഉറപ്പിച്ച ഘട്ടത്തില്‍ നിന്ന് 59 പന്തില്‍ 77 റണ്‍സ് നേടി അതിഗംഭീര പ്രകടനമാണ് ജഡേജ പുറത്തെടുത്തത്.

ന്യൂസിലന്‍ഡിന് വേണ്ടി മാറ്റ് ഹെന്‍‍റി മൂന്ന് വിക്കറ്റുകള്‍ സ്വന്തമാക്കി. ജഡേജ ഔട്ട് ആയ ശേഷം ഇന്ത്യയുടെ പ്രതീക്ഷകള്‍ എല്ലാം ധോണിയിലായിരുന്നു. 48-ഓവര്‍ എറിഞ്ഞ ലോക്കി ഫെര്‍ഗൂസനെ ആദ്യ പന്തില്‍ തന്നെ സിക്സര്‍ അടിച്ച് ധോണി തുടങ്ങുകയും ചെയ്തു.

എന്നാല്‍, ആ ഓവറിലെ മൂന്നാം പന്തില്‍ നിര്‍ഭാഗ്യം ഇന്ത്യയെ തേടി വന്നു. ഡബിള്‍ എടുക്കാനുള്ള ധോണിയുടെ ശ്രമം റണ്‍ഔട്ടില്‍ കലാശിച്ചു. ഇപ്പോള്‍ ലോകകപ്പില്‍ നിന്ന് പുറത്തായ ശേഷം ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ മാത്രം ഇന്ത്യയില്‍ തിരിച്ചെത്തി. ഇന്നലെയാണ് കുടംബത്തോടൊപ്പം ഇംഗ്ലണ്ടില്‍ നിന്ന് താരം മടങ്ങി എത്തിയത്.

ഭാര്യ റിതികയ്ക്കും മകള്‍ സമെെരയ്ക്കുമൊപ്പം മുംബെെയിലേക്കാണ് താരം തിരിച്ചെത്തിയത്. എന്നാല്‍, ഇന്ത്യന്‍ ടീമിലെ മറ്റു താരങ്ങള്‍ ഇപ്പോഴും ഇംഗ്ലണ്ടില്‍ തുടരുകയാണ്. നാളെ ലണ്ടനില്‍ എത്തിച്ചേരണമെന്നാണ് താരങ്ങളോട് നിര്‍ദേശിച്ചിരിക്കുന്നത്. അതിന് ശേഷം ഒരുമിച്ച് നാളെ തന്നെ നാട്ടിലേക്ക് മടങ്ങുമെന്നും മുംബെെയിലേക്കാണ് വിമാനമെന്നും ബിസിസിഐ വക്താവ് വ്യക്തമാക്കി.