ലാഹോര്‍: ലോകകപ്പിലെ ഏറ്റവും ഗ്ലാമറസ് പോരാട്ടം മാഞ്ചസ്റ്ററില്‍ അരങ്ങേറുമ്പോള്‍ ഇന്ത്യ-പാക് പോരാട്ടത്തെക്കുറിച്ച് പ്രതികരിച്ച് മുന്‍ പാക്കിസ്ഥാന്‍ നായകന്‍ ഇന്‍സമാം ഉള്‍ ഹഖ്. പാക്കിസ്ഥാന് വിജയം നേടാന്‍ സാധിക്കുമെന്ന പ്രതീക്ഷയാണ് ഇന്‍സമാം പങ്കിടുന്നത്.

ഇപ്പോഴത്തെ പാക് ടീമിന് ലോകകപ്പ് നേടാനുള്ള കഴിവുണ്ടെന്ന് ഇന്‍സമാം പറഞ്ഞു. ഇതുവരെ മികച്ച പ്രകടനം ടീമിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. ഇന്ത്യക്കെതിരെയുള്ള മത്സരം ഏറെ പ്രാധാന്യം ഉള്ളതാണ്. ടൂര്‍ണമെന്‍റിലെ നിലനില്‍പ്പ് പോലും നിര്‍ണയിക്കുന്ന പോരാട്ടമാണത്. ചെറിയ ചില മാറ്റങ്ങള്‍ കൂടെ വന്നാല്‍ വിജയിക്കാന്‍ പാക്കിസ്ഥാന് സാധിക്കുമെന്നും ഇന്‍സമാം പറഞ്ഞു.

ലോകകപ്പിലെ ആവേശപ്പോരില്‍ പാക്കിസ്ഥാനെതിരെ ടോസ് നഷ്ടപ്പെട്ട ഇന്ത്യ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യുകയാണ്.  ഇന്ത്യ പരിക്കേറ്റ ശിഖര്‍ ധവാന് പകരം കെ എല്‍ രാഹുലിനെ ഓപ്പണറാക്കിയും നിര്‍ണായക നാലാം നമ്പറില്‍ വിജയ് ശങ്കറിനും അവസരം നല്‍കിയാണ് ഇറങ്ങിയിരിക്കുന്നത്. രണ്ട് സ്‌പിന്നര്‍മാരുമായാണ് പാക്കിസ്ഥാന്‍ കളിക്കുന്നത്.