മാഞ്ചസ്റ്റര്‍: രവീന്ദ്ര ജഡേജയുടെ ഒറ്റയാള്‍ പോരാട്ടം പാഴായപ്പോള്‍ ലോകകപ്പിന്‍റെ ആദ്യ സെമിയില്‍ ഇന്ത്യക്കെതിരെ 18 റണ്‍സിന്‍റെ വിജയമാണ് ന്യൂസിലന്‍ഡ് സ്വന്തമാക്കിയത്. തോല്‍വി ഉറപ്പിച്ച ഘട്ടത്തില്‍ നിന്ന് 59 പന്തില്‍ 77 റണ്‍സ് നേടി അതിഗംഭീര പ്രകടനമാണ് ജഡേജ പുറത്തെടുത്തത്.

ന്യൂസിലന്‍ഡിന് വേണ്ടി മാറ്റ് ഹെന്‍‍റി മൂന്ന് വിക്കറ്റുകള്‍ സ്വന്തമാക്കി. ജഡേജ ഔട്ട് ആയ ശേഷം ഇന്ത്യയുടെ പ്രതീക്ഷകള്‍ എല്ലാം ധോണിയിലായിരുന്നു. 48-ഓവര്‍ എറിഞ്ഞ ലോക്കി ഫെര്‍ഗൂസനെ ആദ്യ പന്തില്‍ തന്നെ സിക്സര്‍ അടിച്ച് ധോണി തുടങ്ങുകയും ചെയ്തു.

എന്നാല്‍, ആ ഓവറിലെ മൂന്നാം പന്തില്‍ നിര്‍ഭാഗ്യം ഇന്ത്യയെ തേടി വന്നു. ഡബിള്‍ എടുക്കാനുള്ള ധോണിയുടെ ശ്രമം റണ്‍ഔട്ടില്‍ കലാശിച്ചു. ഇപ്പോള്‍ ലോകകപ്പില്‍ നിന്ന് ടീം പുറത്തായ ശേഷം രവീന്ദ്ര ജഡേജയുടെ അവസ്ഥയെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ഭാര്യ റിവാബ.

തനിക്ക് സാന്ത്വനിപ്പിക്കാന്‍ പോലും ആകാത്ത വിധം ജഡേജ തകര്‍ന്ന് പോയെന്ന് റിവാബ പറഞ്ഞു. താന്‍ പുറത്തായില്ലായിരുന്നുവെങ്കില്‍ ടീമിന് വിജയിക്കാന്‍ സാധിക്കുമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു കൊണ്ടേയിരുന്നു. ജയിക്കുന്നത് വരെ കാര്യങ്ങളെത്തിയ ശേഷം തോല്‍വി സംഭവിക്കുന്നത് ഏറെ വേദനിപ്പിക്കുന്നതാണെന്നും അവര്‍ പറഞ്ഞു.

ജഡേജയുടെ മികച്ച പ്രകടനത്തില്‍ അത്ഭുതപ്പെടുന്നില്ല. അദ്ദേഹത്തിന്‍റെ കരിയര്‍ ശ്രദ്ധിച്ചാല്‍ ഒരു കാര്യം മനസിലാക്കാം. പ്രധാനപ്പെട്ട മത്സരങ്ങളില്‍ വിക്കറ്റ് എടുക്കാനും റണ്‍സ് നേടാനും അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. 2013ല്‍ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ വിജയിക്കുമ്പോള്‍ ജഡേജ ആയിരുന്നു മാന്‍ ഓഫ് ദി മാച്ച് എന്നും റിവാബ ഓര്‍മിപ്പിച്ചു.