Asianet News MalayalamAsianet News Malayalam

വാക്പോരിനൊടുവില്‍ റോയ്- ധര്‍മ്മസേന മഞ്ഞുരുകല്‍- വീഡിയോ പുറത്തുവിട്ട് ഐസിസി

ലോര്‍ഡ്‌സില്‍ ഇംഗ്ലണ്ട്- ന്യൂസിലന്‍ഡ് ഫൈനലിന് മുന്‍പ് ഇരുവരും മുഖാമുഖം വന്നപ്പോള്‍ പ്രശ്‌നങ്ങള്‍ സംസാരിച്ചുതീര്‍ത്തു എന്നാണ് റിപ്പോര്‍ട്ടുകള്‍.

Jason Roy and Kumar Dharmasena Chat
Author
Lord's Cricket Ground, First Published Jul 14, 2019, 10:06 PM IST

ലണ്ടന്‍: ലോകകപ്പ് സെമിയില്‍ അംപയര്‍ കുമാര്‍ ധര്‍മ്മസേന തെറ്റായ ഔട്ട് വിധിച്ചതില്‍ പ്രതിഷേധിച്ച ഇംഗ്ലീഷ് ഓപ്പണര്‍ ജാസന്‍ റോയ് വാര്‍ത്തകളിലിടം പിടിച്ചിരുന്നു. ധര്‍മ്മസേനയുമായി ഏറെനേരെ തര്‍ക്കിച്ച ശേഷമാണ് അന്ന് റോയ് ഡ്രസിംഗ് റൂമിലേക്ക് മടങ്ങിയത്. സംഭവത്തില്‍ മാച്ച് ഫീയുടെ 30 ശതമാനം പിഴ റോയ്‌ക്ക് ചുമത്തുകയും ചെയ്തു. 

Jason Roy and Kumar Dharmasena Chat

ലോര്‍ഡ്‌സില്‍ ഇംഗ്ലണ്ട്- ന്യൂസിലന്‍ഡ് ഫൈനലിന് മുന്‍പ് ഇരുവരും മുഖാമുഖം വന്നപ്പോള്‍ പ്രശ്‌നങ്ങള്‍ സംസാരിച്ചുതീര്‍ത്തു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇരുവരും തമ്മില്‍ സൗഹൃദത്തോടെ സംസാരിക്കുന്ന വീഡിയോ ഐസിസി പുറത്തുവിട്ടിട്ടുണ്ട്. ലോകകപ്പ് ഫൈനല്‍ നിയന്ത്രിക്കുന്ന അംപയര്‍മാരില്‍ ഒരാളാണ് കുമാര്‍ ധര്‍മ്മസേന. 

ഓസീസിനെതിരെ സെഞ്ചുറിയിലേക്ക് കുതിക്കവെ അംപയറുടെ തെറ്റായ തീരുമാനത്തില്‍ ജാസന്‍ റോയ്‌ പുറത്താവുകയായിരുന്നു. പേസര്‍ പാറ്റ് കമ്മിന്‍സിന്‍റെ ബൗണ്‍സര്‍ ഫൈന്‍ ലെഗിലേക്ക് കളിക്കാനായിരുന്നു റോയ്‌യുടെ ശ്രമം. പന്ത് വിക്കറ്റ് കീപ്പര്‍ അലക്‌സ് ക്യാരി കൈപ്പിടിയിലൊതുക്കിയെങ്കിലും ബാറ്റിലുരസിയിരുന്നില്ല. എന്നാല്‍ ഓസ്‌ട്രേലിയന്‍ താരങ്ങളുടെ അപ്പീലില്‍ അംപയര്‍ കുമാര്‍ ധര്‍മ്മസേന ഔട്ട് വിധിച്ചു. 

Jason Roy and Kumar Dharmasena Chat

ഇതോടെ റോയ് ധര്‍മ്മസേനയുടെ അടുത്തെത്തി പ്രതിഷേധം അറിയിച്ചു. ഏറെ നേരം ഫീല്‍ഡ് അംപയര്‍മാരുമായി താരം തര്‍ക്കിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. ഡിആര്‍എസ് ആവശ്യപ്പെടാന്‍ ഇംഗ്ലണ്ടിന് അവസരം ബാക്കിയുണ്ടായിരുന്നില്ല. പുറത്താകുമ്പോള്‍ 65 പന്തില്‍ 85 റണ്‍സാണ് റോയ്‌ നേടിയത്. ഈ സംഭവത്തോടെ ധര്‍മ്മസേനയെ ഫൈനലില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യമുയര്‍ന്നിരുന്നു.

Follow Us:
Download App:
  • android
  • ios