എഡ്‌ജ്‌ബാസ്റ്റണ്‍: ഇന്ത്യക്കെതിരായ നിര്‍ണായക ലോകകപ്പ് മത്സരത്തില്‍ ഓപ്പണര്‍ ജാസന്‍ റോയ് കളിക്കുമെന്നാണ് പ്രതീക്ഷയെന്ന് ഇംഗ്ലീഷ് നായകന്‍ ഓയിന്‍ മോര്‍ഗന്‍. 'മത്സരത്തിന് മുന്‍പ് ഫിറ്റ്‌നസ് തെളിയിക്കാനുള്ള തയ്യാറെടുപ്പിലാണ് റോയ്. എന്നാല്‍ വീണ്ടും പരിക്കേല്‍ക്കാനുള്ള സാധ്യതകളുണ്ടെങ്കില്‍ റോയ്‌യെ കളിപ്പിക്കില്ലെന്നും' മോര്‍ഗന്‍ വ്യക്തമാക്കിയതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു. 

റോയ്‌ക്കൊപ്പം സ്റ്റാര്‍ പേസര്‍ ജോഫ്ര ആര്‍ച്ചറും ഫിറ്റ്‌നസ് ടെസ്റ്റില്‍ പങ്കെടുക്കും. ലോകകപ്പില്‍ തന്‍റെ അവസാന ഇന്നിംഗ്‌സില്‍ ബംഗ്ലാദേശിനെതിരെ 153 റണ്‍സ് അടിച്ചുകൂട്ടിയ താരമാണ് ജാസന്‍ റോയ്. എന്നാല്‍ ലങ്കയോടും ഓസ്‌ട്രേലിയയോടും ഇംഗ്ലണ്ട് പരാജയപ്പെട്ടപ്പോള്‍ റോയ് ടീമിലുണ്ടായിരുന്നില്ല. 

ഞായറാഴ്‌ച എഡ്‌ജ്‌ബാസ്റ്റണിലാണ് ഇന്ത്യ- ഇംഗ്ലണ്ട് തീപാറും പോരാട്ടം. ജയിച്ചാല്‍ സെമി ഉറപ്പിക്കാനാണ് ഇന്ത്യ ഇറങ്ങുന്നതെങ്കില്‍ ഇംഗ്ലണ്ടിനെ സംബന്ധിച്ചിടത്തോളം ഇത് ജീവന്‍മരണ പോരാട്ടമാണ്. തോറ്റാല്‍ ലോകകപ്പ് ഫേവറൈറ്റുകളായ ഇംഗ്ലണ്ട് സെമി കാണാതെ പുറത്താകും. നിര്‍ണായക മത്സരത്തില്‍ നാലാം നമ്പറില്‍ ആരിറങ്ങും എന്നതാണ് ഇന്ത്യന്‍ ആരാധകരില്‍ ആകാംക്ഷ ജനിപ്പിക്കുന്നത്.