ലണ്ടന്‍: ലോകകപ്പില്‍ നിര്‍ണായക മത്സരങ്ങള്‍ നടക്കാനിരിക്കേ ഇംഗ്ലണ്ടിന് തിരിച്ചടിയായി സ്റ്റാര്‍ ഓപ്പണര്‍ ജാസന്‍ റോയ്‌യുടെ പരിക്ക്. വെസ്റ്റ് ഇന്‍ഡീസിന് എതിരായ മത്സരശേഷം താരത്തെ സ്‌കാനിംഗിന് വിധേയനാക്കിയിരുന്നു. 

വിന്‍ഡീസ് ഇന്നിംഗ്‌സിലെ എട്ടാം ഓവറില്‍ ഫീല്‍ഡിംഗിനിടെ  കാലിലെ മസിലിന് പരിക്കേറ്റ റോയ് മൈതാനം വിട്ടിരുന്നു. റോയ് സ്‌ക്വാഡില്‍ തുടരുമെങ്കിലും അടുത്ത രണ്ട് മത്സരങ്ങള്‍ക്കുള്ള ടീമില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ചൊവ്വാഴ്‌ച അഫ്‌ഗാനിസ്ഥാനും വെള്ളിയാഴ്‌ച ശ്രീലങ്കയ്‌ക്കും എതിരെയാണ് ഇംഗ്ലണ്ടിന്‍റെ അടുത്ത മത്സരങ്ങള്‍.

അതേസമയം വിന്‍ഡീസിന് എതിരായ മത്സരത്തില്‍ നടുവേദന അനുഭവപ്പെട്ട ഇംഗ്ലീഷ് നായകന്‍ ഓയിന്‍ മോര്‍ഗന്‍ സുഖംപ്രാപിച്ചുവരികയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ മാഞ്ചസ്റ്ററില്‍ അഫ്‌ഗാന് എതിരായ മത്സരത്തില്‍ നായകന്‍ കളിക്കുമോ എന്ന് ഇപ്പോള്‍ വ്യക്തമല്ല.