ലണ്ടന്‍: ന്യൂസിലന്‍ഡിനെതിരെ സെഞ്ചുറി നേടിയ ശേഷം ജോണി ബെയര്‍സ്റ്റോ നടത്തിയ ആഹ്ലാദപ്രകടനം ആര്‍ക്കെങ്കിലുമുള്ള മറുപടിയാണോ. ഇംഗ്ലണ്ടിലെ പ്രധാനചര്‍ച്ചയാണ് ഇപ്പോള്‍ ഇക്കാര്യം. ജോണി ബെയര്‍സ്റ്റോയുടെ ഈ ആഹ്ലാദപ്രകടനമാണ് മൈക്കല്‍ വോനുള്ള പരിഹാസമെന്ന നിലയിൽ വ്യാഖ്യാനിക്കപ്പെട്ടത്.

മുടിമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് വിധേയനായിട്ടുള്ള വോനെ ബെയര്‍സ്റ്റോ കളിയാക്കിയെന്നായി ഒരു കൂട്ടര്‍. എന്നാൽ ബെയര്‍സ്റ്റോയുടെ സ്വര്‍ണത്തലമുടിയെ കുറിച്ച് കഴിഞ്ഞദിവസം സംസാരിച്ച നായകന്‍ ഓയിന്‍ മോര്‍ഗനുള്ള സന്ദേശമെന്നാണ് മറ്റൊരു വാദം. 

മുന്‍ നായകന്‍ വോനുമായി ട്വിറ്ററില്‍ ഏറ്റുമുട്ടിയ ശേഷമുള്ള തുടര്‍ച്ചയായ രണ്ടാമത്തെ കളിയിലാണ് ബെയര്‍സ്റ്റോ സെഞ്ചുറി നേടിയത്. വാക്പോര് ഗുണം ചെയ്യുമെങ്കില്‍ താരവുമായി ഒന്നുകൂടി കൊമ്പുകോര്‍ക്കാമെന്നായി മൈക്കല്‍ വോന്‍. ബെയര്‍സ്റ്റോ കരുത്താര്‍ജ്ജിക്കുന്നതിന്‍റെ കാരണമെന്തായാലും വോനും ഇംഗ്ലണ്ടിനും ബാര്‍മി ആര്‍മിക്കും സന്തോഷം.