ലണ്ടന്‍: ക്രിക്കറ്റ് ലോകകപ്പിന്റെ സെമിയില്‍ അനായാസം പ്രവേശിക്കുമെന്ന് കരുതിയ ടീമുകളിലൊന്നാണ് ആതിഥേയരായ ഇംഗ്ലണ്ട്. എന്നാലിപ്പോള്‍ അവരുടെ അവസ്ഥ അത്ര മികച്ചതല്ല. അവസാന നാലില്‍ കയറണമെങ്കില്‍ വരുന്ന രണ്ട് മത്സരങ്ങളും വിജയിക്കേണ്ട അവസ്ഥയായി. നേരിടാനുള്ളതാവട്ടെ ശക്തരായ ഇന്ത്യയേയും ന്യൂസിലന്‍ഡിനേയും. നാളെ ഇന്ത്യയെ നേരിടുന്നതിന് മുമ്പ് ഇന്ത്യന്‍ ടീം മാനേജ്‌മെന്റിന് പരിഹാസം കലര്‍ന്ന ഒരു നിര്‍ദേശം നല്‍കിയിരിക്കുകയാണ് മുന്‍ ഇംഗ്ലീഷ് താരം കെവിന്‍ പീറ്റേഴ്‌സണ്‍.

ശിഖര്‍ ധവാന് പകരം ഇന്ത്യന്‍ ടീമിലെത്തിയ താരമാണ് ഋഷഭ് പന്ത്. എന്നാല്‍ ഇതുവരെ കളിക്കാന്‍ അവസരം ലഭിച്ചിട്ടില്ല. മോശം ഫോമിലുള്ള വിജയ് ശങ്കറിന് തുടര്‍ച്ചയായി അവസരം നല്‍കുന്നുമുണ്ട്. ലോകകപ്പില്‍ മൂന്ന് മത്സരങ്ങള്‍ കളിച്ചിട്ടും പറയത്തക്ക മികച്ച പ്രകടനമൊന്നും ശങ്കറിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. ഇന്ത്യയുടെ ഈ അവസ്ഥയ്ക്കാണ് പരിഹാസത്തോടെ പീറ്റേഴ്‌സണ്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. നാളെയാണ് ഇന്ത്യ- ഇംഗ്ലണ്ട് മത്സരമെന്നുള്ളതും ഇതോടൊപ്പം കൂട്ടിവായിക്കണം.

പീറ്റേഴ്‌സണ്‍ പറഞ്ഞതിങ്ങനെ... ''പ്രിയപ്പെട്ട വിരാടിനും രവി ശാസ്ത്രിക്കും- നിങ്ങള്‍ വിജയ് ശങ്കറെ ടീമില്‍ നിന്ന് ഒഴിവാക്കരുത്. അദ്ദേഹം കഴിവിന്റെ പരമാവധിയിലേക്ക് വരുന്നുണ്ട്. നാളെ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയെ വിജയിപ്പിക്കാന്‍ അയാള്‍ക്ക് സാധിക്കും. പന്തിനെ കുറിച്ച് ചിന്തിക്കുകയേ അരുത്. ലോകകപ്പ് ടീമില്‍ കയറാന്‍ അദ്ദേഹത്തിന് മൂന്നാഴ്ചത്തെ പരിശീലനം കൂടി വേണം.'' പീറ്റേഴ്‌സണ്‍ പറഞ്ഞു നിര്‍ത്തി. 

മറ്റൊരു രസകരമായ സംഭവം കൂടിയുണ്ട് ഇതില്‍. മൂന്നാഴ്ച കൂടി കഴിയുമ്പോള്‍ ലോകകപ്പിന് അവസാനമാവും. പീറ്റേഴ്‌സണ്‍ പരിഹാസത്തോടെ പറഞ്ഞുവെയ്ക്കുന്നത് ഇങ്ങനെയാണ് പോകുന്നതെങ്കില്‍ പന്തിന് അവസരം പോലും ലഭിക്കില്ലെന്നാണ്.