Asianet News MalayalamAsianet News Malayalam

ഭാവിയിലെങ്കിലും അങ്ങനെ ഒരു മാറ്റം സാധ്യമോ? ചോദ്യം ഉന്നയിച്ച് കോലി

ജഡേജ ഔട്ട് ആയ ശേഷം ഇന്ത്യയുടെ പ്രതീക്ഷകള്‍ എല്ലാം ധോണിയിലായിരുന്നു. 48-ഓവര്‍ എറിഞ്ഞ ലോക്കി ഫെര്‍ഗൂസനെ ആദ്യ പന്തില്‍ തന്നെ സിക്സര്‍ അടിച്ച് ധോണി തുടങ്ങുകയും ചെയ്തു. എന്നാല്‍, ആ ഓവറിലെ മൂന്നാം പന്തില്‍ നിര്‍ഭാഗ്യം ഇന്ത്യയെ തേടി വന്നു

kohli ask for ipl model play off in world cup
Author
Manchester, First Published Jul 11, 2019, 6:09 PM IST

മാഞ്ചസ്റ്റര്‍: രവീന്ദ്ര ജഡേജയുടെ ഒറ്റയാള്‍ പോരാട്ടം പാഴായപ്പോള്‍ ലോകകപ്പിന്‍റെ ആദ്യ സെമിയില്‍ ഇന്ത്യക്കെതിരെ 18 റണ്‍സിന്‍റെ വിജയമാണ് ന്യൂസിലന്‍ഡ് സ്വന്തമാക്കിയത്. തോല്‍വി ഉറപ്പിച്ച ഘട്ടത്തില്‍ നിന്ന് 59 പന്തില്‍ 77 റണ്‍സ് നേടി അതിഗംഭീര പ്രകടനമാണ് ജഡേജ പുറത്തെടുത്തത്.

ന്യൂസിലന്‍ഡിന് വേണ്ടി മാറ്റ് ഹെന്‍‍റി മൂന്ന് വിക്കറ്റുകള്‍ സ്വന്തമാക്കി. ജഡേജ ഔട്ട് ആയ ശേഷം ഇന്ത്യയുടെ പ്രതീക്ഷകള്‍ എല്ലാം ധോണിയിലായിരുന്നു. 48-ഓവര്‍ എറിഞ്ഞ ലോക്കി ഫെര്‍ഗൂസനെ ആദ്യ പന്തില്‍ തന്നെ സിക്സര്‍ അടിച്ച് ധോണി തുടങ്ങുകയും ചെയ്തു. എന്നാല്‍, ആ ഓവറിലെ മൂന്നാം പന്തില്‍ നിര്‍ഭാഗ്യം ഇന്ത്യയെ തേടി വന്നു.

ഡബിള്‍ എടുക്കാനുള്ള ധോണിയുടെ ശ്രമം റണ്‍ഔട്ടില്‍ കലാശിച്ചു. ഇപ്പോള്‍ ലോകകപ്പില്‍ നിന്ന് പുറത്തായ ശേഷം ഇന്ത്യന്‍ നായകന്‍ വിരാട് കോലി ഉയര്‍ത്തിയ ഒരു ചോദ്യം ഏറെ ശ്രദ്ധനേടിയിരിക്കുകയാണ്. ഭാവിയിലെങ്കിലും ഐപിഎല്ലിലെ പോലെയുള്ള പ്ലേ ഓഫ് ലോകകപ്പിലും നടത്താന്‍ സാധിക്കുമോയെന്നാണ് കോലി ചോദിച്ചത്.

ഐസിസി ഇക്കാര്യം പരിഗണിക്കുമെന്നാണ് കരുതുന്നതെന്നും കോലി പറഞ്ഞു. ഐപിഎല്ലില്‍ ആദ്യ രണ്ട് സ്ഥാനങ്ങളില്‍ എത്തുന്ന ടീമുകള്‍ തമ്മില്‍ ആദ്യം മത്സരിക്കും. ഇതില്‍ വിജയിക്കുന്ന ടീം നേരിട്ട് ഫെെനലിലേക്ക് കടക്കും. എന്നാല്‍, തോല്‍ക്കുന്ന ടീമിന് ഒരു അവസരം കൂടിയുണ്ട്.

മൂന്നും നാലും സ്ഥാനങ്ങളില്‍ എത്തിയ ടീമുകള്‍ തമ്മില്‍ ഏറ്റുമുട്ടി വിജയിച്ചെത്തുന്നവര്‍ തമ്മിലാണ് അവര്‍ മത്സരിക്കുക. ഇതോടെ പോയിന്‍റ് പട്ടികയില്‍ ആദ്യ രണ്ട് സ്ഥാനത്ത് എത്തുന്ന ടീമിന് ഒരു മത്സരത്തിലെ മോശം ഫോമിന്‍റെ പേരില്‍ പുറത്താകേണ്ടി വരില്ല. 

Follow Us:
Download App:
  • android
  • ios