ഋഷഭ് പന്തും ഹാര്‍ദിക് പാണ്ഡ്യയും ക്രീസിലുള്ളപ്പോള്‍ ടീമിന് വിജയപ്രതീക്ഷയുണ്ടായിരുന്നു. പക്ഷേ, ഇംഗ്ലണ്ടിന് കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്താനായി.

ബിര്‍മിംഗ്ഹാം: ലോകകപ്പിലെ ഇംഗ്ലണ്ടിനെതിരായ ആവേശപ്പോരാട്ടത്തില്‍ 31 റണ്‍സിനാണ് ഇന്ത്യ പരാജയപ്പെട്ടത്. ഹിറ്റ്മാന്‍റെ സെഞ്ചുറിക്കും മുഹമ്മദ് ഷമിയുടെ അഞ്ച് വിക്കറ്റ് നേട്ടത്തിനും ഇന്ത്യയെ വിജയത്തിലേക്ക് നയിക്കാനായില്ല. ഇംഗ്ലണ്ട് ഉയര്‍ത്തിയ 338 റണ്‍സ് എന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശീയ ഇന്ത്യയുടെ പോരാട്ടം അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 306 റണ്‍സില്‍ അവസാനിക്കുകയായിരുന്നു.

ഇംഗ്ലണ്ടിന് വേണ്ടി സെഞ്ചുറി നേടി ജോണി ബെയര്‍സ്റ്റോ ബാറ്റ് കൊണ്ട് താരമായപ്പോള്‍ മൂന്ന് വിക്കറ്റെടുത്ത ലിയാം പ്ലങ്കറ്റിന്‍റെ പ്രകടനമാണ് നിര്‍ണായകമായത്. ഇന്ത്യക്ക് വേണ്ടി ഹിറ്റ്മാന്‍ രോഹിത് പൊരുതി സെഞ്ചുറി സ്വന്തമാക്കി. ഒപ്പം വിരാട് കോലി അര്‍ധശതകം നേടിയപ്പോള്‍ മറ്റുള്ളവരില്‍ ഹാര്‍ദിക് മാത്രമാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കാനായത്.

കളിക്ക് ശേഷമുള്ള വാര്‍ത്താ സമ്മേളനത്തില്‍ കടുത്ത പ്രതികരണമാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോലി നടത്തിയത്. ലോകകപ്പില്‍ ഇങ്ങനെ ഒരു അനുഭവം ആദ്യമായാണെന്ന് കോലി പറഞ്ഞു. മത്സരത്തില്‍ നിര്‍ണായകമായത് ടോസ് ആണ്. ചെറിയ ബൗണ്ടറിയാണ് മത്സരത്തിനായി ഒരുക്കിയത്. ഒരു രാജ്യാന്തര മത്സരത്തിന് ആവശ്യമുള്ള 59 മീറ്റര്‍ ബൗണ്ടറി കൃത്യമായിരുന്നുവെന്നാണ് തനിക്ക് തോന്നുന്നതെന്ന് കോലി പറഞ്ഞു.

അതും ഒരു ഫ്ലാറ്റ് പിച്ചിലാണ് ഇങ്ങനെ സംഭവിച്ചത്. ഇങ്ങനെ ഒരു അവസ്ഥയില്‍ കാര്യങ്ങള്‍ കെെവിട്ട് പോകുന്നത് സ്വഭാവികമാണ്. ഇങ്ങനെ ഒരു അനുഭവം ആദ്യമായാണ്. 59 മീറ്റര്‍ ബൗണ്ടറി ആയതിനാല്‍ ബാറ്റ്സമാന്‍ റിവേഴ്സ് സ്വീലൂടെ സിക്സ് നേടുന്നു. അപ്പോള്‍ സ്പിന്നര്‍മാര്‍ക്ക് കൂടുതല്‍ എന്ത് ചെയ്യാനാകും.

ഋഷഭ് പന്തും ഹാര്‍ദിക് പാണ്ഡ്യയും ക്രീസിലുള്ളപ്പോള്‍ ടീമിന് വിജയപ്രതീക്ഷയുണ്ടായിരുന്നു. പക്ഷേ, ഇംഗ്ലണ്ടിന് കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്താനായി. എം എസ് ധോണി വളരെ കഷ്ടപ്പെട്ട് ശ്രമിച്ചു. പക്ഷേ അവസാനം വരെ ബാറ്റ് ചെയ്യുന്നത് ഏറെ പ്രയാസകരമായിരുന്നുവെന്നും കോലി പറഞ്ഞു.