ഇന്നിംഗ്‌സ് എങ്ങനെ പടുത്തുയര്‍ത്തണമെന്ന് മറ്റാരേക്കാളും നന്നായി ഹിറ്റ്‌മാന് അറിയാമെന്നാണ് ശ്രീകാന്തിന്‍റെ പ്രശംസ. 

ലണ്ടന്‍: ഈ ലോകകപ്പില്‍ നാല് സെഞ്ചുറികള്‍ തികച്ച ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ്മയെ പ്രശംസിച്ച് മുന്‍ നായകന്‍ കൃഷ്‌ണമാചാരി ശ്രീകാന്ത്. ഇന്നിംഗ്‌സ് എങ്ങനെ പടുത്തുയര്‍ത്തണമെന്ന് മറ്റാരേക്കാളും നന്നായി ഹിറ്റ്‌മാന് അറിയാമെന്നാണ് ശ്രീകാന്തിന്‍റെ പ്രശംസ. നിലവില്‍ റണ്‍വേട്ടയില്‍ മുന്നില്‍ നില്‍ക്കുന്ന താരം കൂടിയാണ് രോഹിത് ശര്‍മ്മ. 

'ലോകകപ്പില്‍ നാല് സെഞ്ചുറികള്‍ നേടുക വിസ്‌മയകരം. ഒരു ലോകകപ്പില്‍ കൂടുതല്‍ സെഞ്ചുറി നേടിയ കുമാര്‍ സംഗക്കാരയുടെ റെക്കോര്‍ഡിന് ഒപ്പമാണ് രോഹിത്. ബംഗ്ലാദേശിനെതിരെ ഗംഭീരമായിരുന്നു അയാളുടെ ഇന്നിംഗ്‌സ്. ഒരു ഓപ്പണിംഗ് ബാറ്റ്സ്‌മാനില്‍ നിന്ന് ഇതിലേറെ പ്രതീക്ഷിക്കാനാവില്ല. എപ്പോള്‍ ആക്രമിച്ച് കളിക്കണമെന്നും എങ്ങനെ ഇന്നിംഗ്‌സ് കെട്ടിപ്പടുക്കണമെന്നും രോഹിതിന് നന്നായറിയാമെന്നും' ശ്രീകാന്ത് പറഞ്ഞു.

ബംഗ്ലാദേശിനെതിരെ രോഹിത് 92 പന്തില്‍ അഞ്ച് സിക്‌സുകളടക്കം 104 റണ്‍സെടുത്തു. ഏകദിനത്തില്‍ ഹിറ്റ്‌മാന്‍റെ 26-ാം ശതകവും ലോകകപ്പ് കരിയറിലെ അഞ്ചാം സെഞ്ചുറിയുമാണിത്. ഈ ലോകകപ്പിലെ നാലാം ശതകവുമായി സംഗക്കാരയുടെ റെക്കോര്‍ഡ് ഒപ്പമെത്തിയ രോഹിത് സച്ചിന്‍റെ ഒരു റെക്കോര്‍ഡിന് അരികെയാണ്. സച്ചിന്‍ 44 ഇന്നിംഗ്‌സുകളില്‍ നിന്ന് ആറ് ലോകകകപ്പ് സെഞ്ചുറികള്‍ നേടിയപ്പോള്‍ രോഹിതിന് അഞ്ച് സെഞ്ചുറികളിലെത്താന്‍ 15 ഇന്നിംഗ്‌സുകളെ വേണ്ടിവന്നുള്ളൂ.