ധോണി വിരമിക്കാന്‍ സമയമായിട്ടില്ലെന്നും രണ്ട് വര്‍ഷം കൂടി ക്രിക്കറ്റ് കളിക്കണമെന്നും മലിംഗ

ലണ്ടന്‍: ഇന്ത്യന്‍ താരം എം എസ് ധോണി വിരമിക്കണമെന്ന വാദങ്ങള്‍ തള്ളി ശ്രീലങ്കന്‍ ക്രിക്കറ്റര്‍ ലസിത് മലിംഗ. ധോണി വിരമിക്കാന്‍ സമയമായിട്ടില്ലെന്നും രണ്ട് വര്‍ഷം കൂടി ക്രിക്കറ്റ് കളിക്കണമെന്നും മലിംഗ ആവശ്യപ്പെട്ടു. ലോകകപ്പില്‍ അഫ്‌ഗാനും ഇംഗ്ലണ്ടിനുമെതിരെ സാവധാനം സ്‌കോര്‍ ഉയര്‍ത്താന്‍ ശ്രമിച്ചതില്‍ ഒരു വിഭാഗം ആരാധകര്‍ ധോണിക്കെതിരെ തിരിഞ്ഞിരുന്നു.

'ധോണി ഒന്നോ രണ്ടോ വര്‍ഷം കൂടി ക്രിക്കറ്റ് കളിക്കണം. വലിയ മത്സരങ്ങള്‍ ഫിനിഷ് ചെയ്യാന്‍ കഴിയുന്ന താരങ്ങളെ വളര്‍ത്തിയെടുക്കണം. ഇപ്പോഴും ലോകത്തെ ഏറ്റവും മികച്ച ഫിനിഷറാണ് ധോണി. ധോണിയുടെ സാന്നിധ്യം പകരംവെക്കാനാവാത്തതാണ്. യുവ താരങ്ങള്‍ ധോണിയില്‍ നിന്ന് ക്രിക്കറ്റ് പാഠങ്ങള്‍ പഠിക്കണമെന്നും' മലിംഗ പറഞ്ഞു.

ഇതേസമയം ലോകകപ്പിനു ശേഷം രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് ധോണി വിരമിക്കുമെന്ന് ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമില്ല. ധോണി എന്താണ് ചിന്തിക്കുന്നത് എന്ന് അറിയില്ലെങ്കിലും ലോകകപ്പിനുശേഷം അദേഹം രാജ്യാന്തര ക്രിക്കറ്റില്‍ തുടരാന്‍ ഇടയില്ലെന്നാണ് ബിസിസിഐ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട്.