ഈ ലോകകപ്പോടെ ധോണി വിരമിക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാവുകയാണ്. ലോകകപ്പില്‍ ഫൈനലിലെത്താതെ ഇന്ത്യ പരാജയം നേരിട്ടതോടെ തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ധോണി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കണമെന്ന് പലകോണുകളില്‍ നിന്നും ആവശ്യം ഉയരുന്നുണ്ട്.

എന്നാല്‍ ധോണിയെ പിന്തുണച്ച് നിരവധി താരങ്ങള്‍ രംഗത്തെത്തി. ക്രിക്കറ്റ് ലോകത്തിന് പുറത്തുനിന്നും നിരവധി പേര്‍ ധോണിക്ക് പിന്തുണയുമായി രംഗത്തെത്തി. ഇന്ത്യയുടെ വാനമ്പാടി ലത മങ്കേഷ്കര്‍ ധോണിയോട് ഈ അവസരത്തില്‍ ഇടനെയൊന്നും വിരമിക്കലിനെക്കുറിച്ച് ചിന്തിക്കരുതെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്. ട്വിറ്ററിലൂടെയാണ് ലതാ മങ്കേഷ്കര്‍ ധോണിയെ പിന്തുണച്ച് വിരമിക്കരുതെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.

''നമസ്കാരം എംഎസ് ധോണി, വിരമിക്കുന്നതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പലയിടത്ത് നിന്നായി കേള്‍ക്കുന്നു. എന്നാല്‍ അങ്ങനെ ചിന്തിക്കരുത്. ഈ രാജ്യത്തിന് നിങ്ങളെ വേണം. വിരമിക്കുന്നതിനെ കുറിച്ച് ആലോചിക്കുക പോലും ചെയ്യരുതെന്നാണ് എന്‍റെ അഭ്യര്‍ത്ഥന''- ലത മങ്കേഷ്കര്‍ ട്വീറ്റ് ചെയ്തു. നേരത്തെ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും ധോണിയെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.