മാഞ്ചസ്റ്റര്‍: ലോകകപ്പില്‍ അഫ്‌ഗാനെതിരെ ഇംഗ്ലണ്ട് പുറത്തെടുത്ത റണ്‍വേട്ട കണ്ട് കണ്ണുതള്ളിയിരിക്കുകയാണ് ക്രിക്കറ്റ് ലോകം. അഫ്‌ഗാനെതിരെ 50 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 397 റണ്‍സാണ് മോര്‍ഗനും സംഘവും അടിച്ചുകൂട്ടിയത്. 71 പന്തില്‍ 148 റണ്‍സുമായി മുന്നില്‍ നിന്ന് ഇംഗ്ലണ്ടിനെ നയിക്കുകയായിരുന്നു നായകന്‍ ഓയിന്‍ മോര്‍ഗന്‍. ഇംഗ്ലീഷ് ടീമിന്‍റെ ബാറ്റിംഗ് കരുത്ത് കണ്ട് മുന്‍ താരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ അത്ഭുതത്തോടെയാണ് പ്രതികരിച്ചത്. 

ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇംഗ്ലണ്ട്, നായകന്‍ ഓയിന്‍ മോര്‍ഗന്‍റെ വെടിക്കെട്ട് സെഞ്ചുറിയിലാണ് കൂറ്റന്‍ സ്‌കോറിലെത്തിയത്. മോര്‍ഗന്‍ 71 പന്തില്‍ 17 സിക്‌സുകള്‍ സഹിതം 148 റണ്‍സെടുത്തപ്പോള്‍ ബെയര്‍സ്റ്റോ 90ഉം റൂട്ട് 88 റണ്‍സും നേടി. അവസാന ഓവറുകളില്‍ മൊയിന്‍ അലി വെടിക്കെട്ടും(ഒന്‍പത് പന്തില്‍ 31) ഇംഗ്ലണ്ടിന് കരുത്തായി. അഫ്‌ഗാന്‍ സ്റ്റാര്‍ സ്‌പിന്നര്‍ റഷീദ് ഖാന്‍ ഒന്‍പത് ഓവറില്‍ 110 റണ്‍സ് വഴങ്ങിയത് ഇംഗ്ലണ്ട് വെടിക്കെട്ടിന്‍റെ കരുത്ത് വ്യക്തമാക്കുന്നു.