എഡ്‌ജ്‌ബാസ്റ്റണ്‍: ലോകകപ്പില്‍ ന്യൂസീലന്‍ഡിന് എതിരായ മത്സരത്തിന് മുന്‍പ് ദക്ഷിണാഫ്രിക്കയ്‌ക്ക് ആശ്വാസ വാര്‍ത്ത. പരിക്കിന്‍റെ പിടിയിലായിരുന്ന പേസര്‍ ലുങ്കി എന്‍ഗിഡി ഫിറ്റ്‌നസ് പൂര്‍ണമായും വീണ്ടെടുത്തിട്ടുണ്ട്. ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ മസിലിന് പരിക്കേറ്റാണ് താരം ഇലവനില്‍ നിന്ന് പുറത്തായത്. 

'ഫിറ്റ്‌നസ് പരീക്ഷ ഇന്ന് പാസായി. അടുത്ത മത്സരത്തിനായി 100 ശതമാനം ഫിറ്റ്‌നസ് വീണ്ടെടുത്തിട്ടുണ്ട്. പരിക്കുകള്‍ ഒരിക്കലും മാനസികമായി നല്ലതല്ല. എന്നാല്‍ സപ്പോര്‍ട്ട് സ്റ്റാഫുകളുടെ പൂര്‍ണ പിന്തുണ തനിക്കുണ്ടായിരുന്നു. കഴിഞ്ഞ മത്സരങ്ങളില്‍ കളിക്കാതിരുന്നത് മാനസികമായി തളര്‍ത്തിയെന്നും' മത്സരത്തിന് മുന്നോടിയായി എന്‍ഗിഡി പറഞ്ഞു. ആദ്യ രണ്ട് മത്സരങ്ങളില്‍ കളിച്ച താരം മൂന്ന് വിക്കറ്റ് നേടിയിരുന്നു.

ലോകകപ്പില്‍ സെമി പ്രതീക്ഷകള്‍ക്ക് വളരെ അകലെയാണ് ദക്ഷിണാഫ്രിക്കന്‍ ടീമിപ്പോള്‍. അഞ്ച് മത്സരങ്ങളില്‍ അഫ്‌ഗാനോട് നേടിയ ഏക വിജയം മാത്രമാണ് പ്രോട്ടീസിനുള്ളത്. മൂന്ന് പോയിന്‍റുമായി പട്ടികയില്‍ എട്ടാം സ്ഥാനത്താണ് ടീമിപ്പോള്‍. ബുധനാഴ്‌ച എഡ്‌ജ്‌ബാസ്റ്റണിലാണ് ദക്ഷിണാഫ്രിക്ക- ന്യൂസീലന്‍ഡ് മത്സരം. മുന്നോട്ടുള്ള കുതിപ്പിന് ജയം പ്രോട്ടീസിന് അനിവാര്യമാണ്.