ലണ്ടന്‍: ലോകകപ്പില്‍ ഇന്ത്യക്കെതിരായ മത്സരത്തില്‍ പരിക്കേറ്റ ഓസ്ട്രേലിയന്‍ ഓള്‍റൗണ്ടര്‍  മാര്‍ക്കസ് സ്റ്റോയിനിസ് ടീമിലേക്ക് തിരിച്ചെത്തുന്നു. എന്നാല്‍, സ്റ്റോയിനിസിന്‍റെ തിരിച്ചുവരവില്‍ പരിശീലകന്‍ ജസ്റ്റിന്‍ ലാംഗറുടെ പ്രതികരണമാണ് ഓസീസ് ആരാധകരെ ആശങ്കപ്പെടുത്തുന്നത്.

ഓവലില്‍ ഇന്ത്യക്കെതിരായ മത്സരത്തിലാണ് സ്റ്റോയിനിസിന് പരിക്കേറ്റത്. പിന്നാലെ പാക്കിസ്ഥാനും ലങ്കയ്ക്കും എതിരായ മത്സരങ്ങള്‍ താരത്തിന് നഷ്ടമായി. സ്റ്റോയിനിസിന്‍റെ പരിക്ക് ഭേദമായെന്നും എന്നാല്‍, ബംഗ്ലാദേശിനെതിരായ അടുത്ത മത്സരത്തില്‍ താരം കളിക്കുന്ന കാര്യം ഉറപ്പില്ലെന്നുമാണ് ലാംഗര്‍ പ്രതികരിച്ചത്.

പരിക്ക് ഭേദമായതിനാല്‍ പകരം ആളെ ടീമിലെടുക്കില്ലെന്നും ക്രിക്കറ്റ് ഓസ്ട്രേലിയ വ്യക്തമാക്കി. സ്റ്റോയിനിസിന് പകരം ഓസ്ട്രേലിയന്‍ എ ടീം വെെസ് ക്യാപ്റ്റന്‍ മിച്ചല്‍ മാര്‍ഷായിരുന്നു സ്റ്റാന്‍ഡ് ബെെ താരമായി പ്രഖ്യാപിക്കപ്പെട്ടിരുന്നത്. എന്നാല്‍, സ്റ്റോയിനിസിന്‍റെ പരിക്ക് മാറിയതോടെ മാര്‍ഷ് സ്ക്വാഡ് വിട്ടു.