ലോര്‍ഡ്‌സ്: ലോകകപ്പില്‍ ന്യൂസിലൻഡിന്‍റെ സ്റ്റാര്‍ ഓപ്പണര്‍ മാര്‍ട്ടിൻ ഗപ്‌റ്റിലിന് നിരാശയോടെ മടക്കം. കഴിഞ്ഞ ലോകകപ്പിലെ മിന്നും താരത്തിന് ഇത്തവണ ഒരു സെഞ്ചുറി പോലും നേടാനായില്ല. ഏഴാം ഓവറില്‍ ക്രിസ് വോക്സിന്‍ രണ്ടാം പന്തില്‍ മാര്‍ട്ടിൻ ഗപ്റ്റില്‍ പുറത്ത്.

ടൂര്‍ണമെന്റിലുടനീളം നിരാശപ്പെടുത്തിയ ഗപ്റ്റില്‍ ഫൈനലില്‍ തിളങ്ങുമെന്നായിരുന്നു കിവീസ് ആരാധകരുടെ പ്രതീക്ഷ. പക്ഷേ നേടാനായത് 19 റണ്‍സ്. ഈ ടൂര്‍ണമെന്റില്‍ ആകെ സ്വന്തമാക്കിയത് 186 റണ്‍സ് മാത്രം. എടുത്തുപറയാനുള്ളത് ശ്രീലങ്കക്കെതിരെ നേടിയ 73 റണ്‍സും. അഞ്ച് തവണ രണ്ടക്കം പോലും കടക്കാനായില്ല.

എങ്കിലും സെമിയില്‍ ധോണിയെ പുറത്താക്കിയ റണ്‍ഔട്ട് മാത്രം മതി കിവീസ് ആരാധകര്‍ക്ക് ഗപ്റ്റിലിനെ ഈ ടൂര്‍ണമെന്റില്‍ ഓര്‍ത്തിരിക്കാൻ. ന്യൂസിലൻഡ് ഫൈനലിലെത്തിയതില്‍ ഏറെ നിര്‍ണ്ണായകമായിരുന്നു ധോണിയുടെ പുറത്താകല്‍. കഴിഞ്ഞ ലോകകപ്പില്‍ 547 റണ്‍സ് നേടിയ ഗപ്റ്റിലായിരുന്നു റണ്‍വേട്ടക്കാരില്‍ മുന്നില്‍. വിൻഡീസിനെതിരെ അന്ന് 237 റണ്‍സും ഗപ്തില്‍ സ്വന്തമാക്കിയിരുന്നു.