ധാക്ക: ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ ബംഗ്ലാദേശ് ടീമിനെ മഷ്‌റഫി മൊര്‍താസ തന്നെ നയിച്ചേക്കും. മൂന്ന് മത്സരങ്ങള്‍ ഉള്‍പ്പെടുന്ന പരമ്പര ജൂണ്‍ 26ന് കൊളംബോയില്‍ ആരംഭിക്കും. മൊര്‍താസ വിരമിക്കുമെന്ന് വാര്‍ത്ത ഉണ്ടായിരുന്നെങ്കിലും അദ്ദേഹം അക്കാര്യം നിഷേധിച്ചിരുന്നു. വിരമിക്കുന്നതിനെ കുറിച്ച് ആലോചിട്ടില്ലെന്നായിരുന്നു ക്യാപ്റ്റന്‍ പറഞ്ഞിരുന്നത്.

താരം പൂര്‍ണ ഫിറ്റല്ലെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ടീം സെലക്റ്റര്‍ ഹബിബുള്‍ ബാഷര്‍ വ്യക്തമാക്കി. ബാഷര്‍ തുടര്‍ന്നു... ''അദ്ദേഹത്തിന് ഫിറ്റ്‌നെസ് ടെസ്റ്റ് നടത്തണം. എന്നാല്‍ ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയ്ക്ക് മുമ്പ് അദ്ദേഹം തിരിച്ചെത്തുമെന്നാണ് പ്രതീക്ഷ. ലങ്കയില്‍ അദ്ദേഹത്തിന് നയിക്കാന്‍ സാധിച്ചേക്കും.'' 

മുഷ്ഫിഖര്‍ റഹീം, മഹ്മുദുള്ള എന്നിവര്‍ക്കും പരിക്കുണ്ട്. എന്നാല്‍ അവര്‍ക്ക് കളിക്കാന്‍ കഴിയും. ഷാക്കിബ് അല്‍ ഹസനും ലിറ്റണ്‍ ദാസിനും അവധി നല്‍കിയേക്കുമെന്നും ബാഷര്‍ കൂട്ടിച്ചേര്‍ത്തു.