ഹൈദരാബാദ്: കഴിഞ്ഞ ദിവസമാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ലോകകപ്പനായി ഇംഗ്ലണ്ടിലേക്ക് യാത്ര തിരിച്ചത്. ആശംസകളുമായി നിരവധി പേരെത്തി. ഇന്ത്യയുടെ വനിത ഏകദിന ടീം ക്യാപ്റ്റന്‍ മിതാലി രാജും തന്റെ ആശംസകള്‍ അറിയിച്ചിട്ടുണ്ട്. ട്വിറ്ററിലാണ് മിതാലി തന്റെ അഭിപ്രായം അറിയിച്ചത്. ലോകകപ്പ് ഉയര്‍ത്താന്‍ ഇന്ത്യ എന്തുക്കൊണ്ടും ശക്തരാണെന്നാണ് മിതാലിയുടെ അഭിപ്രായം.

ഹൈദരാബാദില്‍ ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈ കമ്മീഷണര്‍ ആന്‍ഡ്രൂ ഫ്‌ളെമിങ്ങുമൊത്തുള്ള സംഭാഷണത്തിലാണ് മിതാലി കാര്യങ്ങള്‍ ഇന്ത്യക്ക് അനുകൂലമാണെന്ന് വ്യക്തമാക്കിയത്. മിതാലി തുടര്‍ന്നു... ഒരുപാട് മാച്ച് വിന്നര്‍മാരുള്ള ടീമാണ് ഇന്ത്യയുടേത്. ക്യാപ്റ്റന്‍ വിരാട് കോലി ഓപ്പണര്‍മാരായ രോഹിത് ശര്‍മയ്ക്കും ശിഖര്‍ ധവാനുമൊപ്പം മുന്നില്‍ നയിക്കുന്നു. ഇവരെ കൂടാതെ നമുക്ക് കരുത്തരായ പേസ് ബൗളര്‍മാരും സ്പിന്നര്‍മാരുമുണ്ട്. അതുക്കൊണ്ട് തന്നെ ബാറ്റ്‌സ്മാന്മാരും ബൗളര്‍മാരും അവസരത്തിനൊത്ത് ഉയര്‍ന്നാല്‍ ഇന്ത്യ ലോകകപ്പുയര്‍ത്തു. മിതാലി വ്യക്തമാക്കി. 

ധോണിയെ പോലെ വിദഗ്ധരായ താരങ്ങള്‍ നമുക്കുണ്ട്. ഒരു താരത്തെ മാത്രം പറയുന്നില്ല, മാച്ച് വിന്നര്‍മാരായ മറ്റുതാരങ്ങളും ഇന്ത്യന്‍ ടീമിലുണ്ട്. എന്നാല്‍ ആതിഥേയരായ ഇംഗ്ലണ്ടിനേയും എഴുതി തള്ളാനാവില്ലെന്ന് മിതാലി കൂട്ടിച്ചേര്‍ത്തു.